Image

ചേരാനല്ലൂർ വാഹനാപകട കേസ്; ജഡ്ജിയായ പിതാവിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്, നടപടി മുൻ അനുമതിയോടെ

Published on 28 October, 2026
ചേരാനല്ലൂർ വാഹനാപകട കേസ്; ജഡ്ജിയായ പിതാവിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്, നടപടി മുൻ അനുമതിയോടെ

ചേരാനല്ലൂർ വാഹനാപകട കേസിൽ നിർണായക അന്വേഷണവുമായി ജില്ലാ ക്രൈംബ്രാഞ്ച് മുന്നോട്ട്. അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത 17-കാരന്റെ പിതാവും ജഡ്ജിയുമായ റെനോ ഫ്രാൻസിസ് സേവ്യറെ കൊച്ചിയിലെ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. 

ഹൈക്കോടതിയിൽ നിന്ന് ഔദ്യോഗിക അനുമതി നേടിയ ശേഷമാണ് അന്വേഷണ സംഘം ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതുമായി ബന്ധപ്പെട്ട് ജഡ്ജിക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

യൂട്യൂബ് നോക്കിയാണ് താൻ ഡ്രൈവിങ് പഠിച്ചതെന്നും കൊതിമൂത്ത് പിതാവിന്റെ കാർ അറിയാതെ എടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നുമാണ് കുട്ടി പോലീസിന് നൽകിയ മൊഴി.  മകൻ വാഹനം എടുത്തുകൊണ്ടുപോയ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. എങ്കിലും ഔദ്യോഗികമായി മൊഴി രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നേരിട്ട് വിളിപ്പിച്ച് വിശദമായ വിവരങ്ങൾ തേടിയത്. കുട്ടി കാറിന് പുറമെ ബൈക്ക് ഓടിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക