
ചെറുവത്തൂർ : എനിക്ക് മരണമില്ലെന്ന് പുസ്തകത്തിന് പേരിട്ട ഒരേ ഒരു കവി വയലാറാണ് . അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തെളിയിച്ചു കൊണ്ട് ആയിരക്കണക്കിന് ഗാനങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ ഹൃദയത്തിൽ ജീവിക്കുന്നു എന്ന് പ്രകാശൻ കരിവെള്ളൂർ അഭിപ്രായപ്പെട്ടു . വിട പറഞ്ഞ് അര നൂറ്റാണ്ട് കഴിയുന്നു . എന്നിട്ടും ആ ഗാനവശ്യത റേഡിയോവിലോ ടീവിയിലോ കേൾക്കാതെ നമ്മുടെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല . ഗാന്ധി വധകാലത്ത് രചിച്ച പാദമുദ്ര എന്ന സമാഹാരം തൊട്ട് മരിക്കും വരെ അന്ധകാരത്തെ കാവിയുടുപ്പിക്കുന്ന വർഗീയരാഷ്ട്രീത്തിനെതിരെ അദ്ദേഹം പൊരുതി . എന്നിട്ടും പാർട്ടി പിളർന്നപ്പോൾ സീ പീ ഐ പക്ഷത്ത് നിലയുറപ്പിച്ചതിൻ്റെ പേരിൽ വിപ്ലവ വിരുദ്ധനായി വയലാർ അന്ന് മുദ്രകുത്തപ്പെട്ടു . എന്നാൽ , വയലാറിൽ നടന്ന രക്തരൂഷിത സമരത്തിൻ്റെ ഒരു തുള്ളി നെഞ്ചിൽ ഏറ്റു വാങ്ങിയ കവിക്ക് അധ:സ്ഥിത വർഗബോധത്തിൽ നിന്നും പിൻവാങ്ങാൻ കഴിയുമായിരുന്നില്ല . ഒരു സവർണ ഫ്യൂഡൽ കുടുംബത്തിൻ്റെ ജന്മ പാരമ്പര്യത്തിൽ വയലാർ എന്ന ദേശത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യം കൂടി കലർന്നാണ് വയലാർ എന്ന കാവ്യ വ്യക്തിത്വം രൂപപ്പെട്ടത് എന്നും പ്രകാശൻ മാഷ് നിരീക്ഷിച്ചു.
പൊന്മാലം , മഹാകവി കുട്ടമത്ത് സ്മാരക സാംസ്കാരികസമിതിയുടെ വയലാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ അഡ്വ . ഗംഗാധരൻ കുട്ടമത്ത് അധ്യക്ഷനായിരുന്നു . തുടർന്ന് വയലാറിൻ്റെ ഗാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള കരോക്കെ ഗാനമേളയും നടന്നു .