Image

മമ്മൂട്ടിയോടൊത്തുള്ള ചിത്രം പങ്കുവെച്ച് സിപിഐഎം യുവ നേതാക്കള്‍; വിമര്‍ശനവുമായി സൈബര്‍ അണികള്‍

Published on 29 October, 2026
 മമ്മൂട്ടിയോടൊത്തുള്ള ചിത്രം പങ്കുവെച്ച് സിപിഐഎം യുവ നേതാക്കള്‍; വിമര്‍ശനവുമായി സൈബര്‍ അണികള്‍

 

കൊച്ചി: മമ്മൂട്ടിയുമായുള്ള ചിത്രം പങ്കുവെച്ച് സിപിഐഎം യുവ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഇടത് സൈബര്‍ അണികള്‍. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, പ്രസിഡന്റ് ചിന്താ ജെറോം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനവുമായി സിപിഐഎം സൈബര്‍ അണികള്‍ തന്നെ രംഗത്ത് വന്നത്. പലരും സോഷ്യല്‍ മീഡിയ പേജുകളില്‍ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ചിത്രം പങ്കുവെച്ചാണ് പ്രതിഷേധം രേഖപ്പെടുത്തയത്.

മമ്മൂട്ടി കെ റഫീഖിനെ അപമാനിച്ചത് മരണം വരെ മറക്കില്ല എന്നതടക്കമുള്ള ക്യാപ്ഷനുകളാണ് സൈബര്‍ അണികള്‍ പങ്കുവെക്കുന്നത്. സമരകാലത്ത് ഒരക്ഷരം കൊണ്ട് പോലും ഐക്യപ്പെടാത്ത ആളാണ് മമ്മൂട്ടിയെന്നും അങ്ങനെയുള്ള ആളോടൊപ്പം ഫോട്ടോ എടുക്കാന്‍ ചില്ലറ തൊലിക്കട്ട് പോര എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ തന്നെ ഉന്നയിക്കുന്നുണ്ട്. വെറുതെ സൈബര്‍ സഖാക്കളെ വെല്ലുവിളിക്കരുതെന്ന് മുന്നറിയിപ്പും നേതാക്കള്‍ക്ക് നല്‍കുന്നുണ്ട്.

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ റഫീഖിനെ മമ്മൂട്ടി അപമാനിച്ചു എന്ന ആരോപണം നെരത്തെ ഉയര്‍ന്നിരുന്നു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് മമ്മൂട്ടി എത്തിയ സമയം റഫീഖും അവിടെ വന്നിരുന്നു. പ്രാദേശിക നേതാവ് എന്ന നിലയില്‍ ഓരോ സ്ഥലങ്ങളും മമ്മൂട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ റഫീഖ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനിടെ നിങ്ങള്‍ എന്തിനാണ് തന്നോടൊപ്പം നടക്കുന്നതെന്നും, നിങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വന്നതെന്ന് മറ്റുള്ളവര്‍ കരുതില്ലേ എന്നുമായിരുന്നു മമ്മൂട്ടിയുടെ ചോദ്യം.

സംഭവത്തിന് പിന്നാലെ വലിയ വിമര്‍ശനമാണ് സിപിഐഎം സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് മമ്മൂട്ടിക്ക് നേരിടേണ്ടി വന്നിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ മമ്മൂട്ടിയെ പിന്തുണച്ച് കെ റഫീഖ് തന്നെ രംഗത്ത് വരികയും ഇരുവരും വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം അടക്കം പുറത്ത് വിടുകയും ചെയ്തിരുന്നു. ഇടത് സഹയാത്രികന്‍ എന്ന പൊതുവേ പരിവേഷമുള്ള നടനാണ് മമ്മൂട്ടി എങ്കിലും ഈ സംഭവത്തിന് പിന്നാലെ അദ്ദേഹത്തോട് അകലം പാലിക്കുന്ന സമീപനമാണ് ഇടത് അണികളില്‍ നിന്നുണ്ടായിരുന്നത്. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, ബി ഗോപാലകൃഷ്ണന്‍, കോണ്‍ഗ്രസ് എംഎല്‍എ രമേഷ് പിഷാരടി, കോണ്‍ഗ്രസ് സഹയാത്രികനായ ആന്റോ ജോസഫ് തുടങ്ങിയവരോടൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രങ്ങല്‍ പങ്കുവെച്ചും സൈബര്‍ സഖാക്കള്‍ വിമര്‍ശനം കടുപ്പിക്കുന്നുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക