Image

ചേരാനല്ലൂര്‍ അപകടം: ജഡ്ജിക്ക് ആശ്വാസം, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Published on 29 October, 2026
 ചേരാനല്ലൂര്‍ അപകടം: ജഡ്ജിക്ക് ആശ്വാസം, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

 

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ, ജുഡീഷ്യല്‍ ഓഫീസര്‍ ആയതിനാല്‍ ഒളിവില്‍ പോകില്ല, അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല എന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിരീക്ഷിച്ചത്.

അന്വേഷണവുമായി സഹകരിക്കാന്‍ ജഡ്ജിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജഡ്ജിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി രാവിലെ 11ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനഴ്ച ഇയാളെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ജഡ്ജിയുടെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച വൈകിട്ടും പൊലിസ് പരിശോധന നടത്തിയിരുന്നു. പതിനേഴുകാരന്‍ ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്ന ആഡംബരബൈക്കും ചില ഡിജിറ്റല്‍ ഉപകരണങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യത്തില്‍ പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹൈക്കോടതി തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കാര്‍ കൊണ്ടുപോയത് പിതാവിന്റെ അനുമതിയോടെയാണോ എന്നതിലടക്കം വ്യക്തത വരുത്തിയ ശേഷമാകും തീരുമാനമെടുക്കുക.

എന്നാല്‍ താനറിയാതെയാണ് മകന്‍ കാറുമായി പുറത്തു പോയതെന്നാണ് ജഡ്ജി മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്താണ് അപകടം നടന്നത്. പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാര്‍ അമിതവേഗതയില്‍ എത്തി മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്തുതന്നെ വച്ച് മരണപ്പെട്ടിരുന്നു.

അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ പതിനേഴുകാരന്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. പൊലിസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മീഷണറെ മാറ്റുകയും എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള നാല് പൊലീസുകാരെ സസ്പെന്‍ഡും ചെയ്തിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക