
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സംഘത്തില്‍ രണ്ട് എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയും പുതുതായി ഉള്‍പ്പെടുത്തി. രജിസ്റ്റര്‍ ചെയ്ത മൂന്ന് പുതിയ കേസുകളുടെ അന്വേഷണ ചുമതലയും ഇവര്‍ക്ക് കൈമാറി. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി പത്ത് പിഎസ്സി അംഗങ്ങള്‍ക്കും സെക്രട്ടറിക്കും ഇന്ന് നോട്ടീസ് നല്‍കും.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്സി ചെയര്‍മാനും അംഗങ്ങളും നല്‍കിയ മൊഴികളില്‍ വൈരുധ്യം കണ്ടെത്തി. എല്ലാ തീരുമാനങ്ങളും കൂട്ടായാണ് എടുത്തതെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ചെയര്‍മാന്‍ എം.ആര്‍. ബൈജു മൊഴി നല്‍കിയത്. എന്നാല്‍ പല തീരുമാനങ്ങളും ചെയര്‍മാന്‍ ഒറ്റയ്ക്കാണ് എടുക്കുന്നതെന്നാണ് ചില അംഗങ്ങളുടെ മൊഴി.
കേസില്‍ പ്രതിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.ഹരിയും ചെയര്‍മാന്‍ എം.ആര്‍. ബൈജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. കേസില്‍ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ റിമാന്‍ഡ് ചെയ്തു. ഹരിയെയും സതീഷിനെയും സംരക്ഷിക്കുന്ന തരത്തിലുള്ള മൊഴിയാണ് ചെയര്‍മാന്‍ നല്‍കിയിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ പത്ത് ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടക്കാതെ പോയത് സാങ്കേതിക പിഴവാണെന്നും ബോധപൂര്‍വമായ വീഴ്ചയല്ലെന്നുമാണ് ബൈജുവിന്റെ വിശദീകരണം. എന്നാല്‍ ചെയര്‍മാന്റെ മൊഴി പൂര്‍ണമായും ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. മുഴുവന്‍ പിഎസ്സി അംഗങ്ങളെയും ചോദ്യം ചെയ്തശേഷം ചെയര്‍മാനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.