Image

മദ്യപിക്കാൻ എത്തുന്നവരുടെ പ്രായം ഉറപ്പാക്കാൻ ആധാർ പരിശോധിക്കണം; കർശന നിർദേശവുമായി എക്‌സൈസ് മന്ത്രി

Published on 30 October, 2026
മദ്യപിക്കാൻ എത്തുന്നവരുടെ പ്രായം ഉറപ്പാക്കാൻ ആധാർ പരിശോധിക്കണം; കർശന നിർദേശവുമായി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടെങ്കിൽ ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണെന്നും ഇത് ബാർ ലൈസൻസികൾ കർശനമായി പാലിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ പ്രായപരിധി ഉറപ്പാക്കേണ്ട പൂർണ ഉത്തരവാദിത്തം ബാർ അധികൃതർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

​നെടുമ്പാശ്ശേരിയിൽ പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിളമ്പിയ സംഭവത്തിൽ മാധ്യമങ്ങൾ വാർത്തയാക്കുന്നതിന് മുൻപുതന്നെ കർശന നടപടിക്ക് നിർദേശം നൽകിയിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തിയ ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് എവിടെയെങ്കിലും 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും അത്തരം ബാറുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ഇനി ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

​സംസ്ഥാനത്ത് അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ കർശന ഇടപെടൽ. പ്രായപൂർത്തിയാകാത്ത കുട്ടികൾ മദ്യപിച്ച് വാഹനം ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുകയും നിരപരാധികളായ കുടുംബങ്ങൾ അനാഥരാകുകയും ചെയ്യുന്ന സാഹചര്യം അനുവദിക്കാനാകില്ല. അതിനാൽ ബാർ നടത്തിപ്പുകാർ അതീവ ജാഗ്രത പുലർത്തണമെന്നും, കൃത്യമായ പ്രായപരിശോധന നടത്തി പ്രായപൂർത്തിയായെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മദ്യം നൽകാവൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക