
പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജൂലായ് മാസത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് പങ്കുവെച്ച യൂട്യൂബര്‍ രാജന്‍ ജോസഫിനെ എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്ത് അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
പോലീസ് ജീപ്പ് തടഞ്ഞു നിര്‍ത്തി രാജന്‍ ജോസഫിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും പോലീസ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാവായ ഫെന്നി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും ഈ അക്രമ ദൃശ്യങ്ങളിലുണ്ട്. പോലീസ് സ്റ്റേഷനുള്ളിലെ സെല്ലിനു മുന്നില്‍ വെച്ച് രാജന്‍ ജോസഫിനോട് കോണ്‍ഗ്രസ് സംഘം തര്‍ക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കൃത്യമായി വ്യക്തമാണ്.
സംഭവം നടന്ന ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ മാത്രമാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെയോ ഫെന്നി നൈനാന്റെയോ പേരുകള്‍ എഫ്.ഐ.ആറില്‍ രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിരുന്നില്ല.