
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ സ്‌കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ പോലീസ് അട്ടിമറി നടത്തിയതായി ആരോപിച്ച് കുടുംബം രംഗത്ത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് അപകടസമയത്ത് വാഹനം ഓടിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. എന്നാല്‍ പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ വിദ്യാര്‍ഥിയുടെ പേര് ഒഴിവാക്കുക മാത്രമല്ല, മുപ്പത് വയസ്സുകാരനാണ് അപകടമുണ്ടാക്കിയത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദൃക്സാക്ഷികള്‍ യഥാര്‍ത്ഥ പ്രതിയെ ചൂണ്ടിക്കാണിച്ചിട്ടും പോലീസ് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേസ് തേച്ചുമായ്ച്ചു കളയാനാണ് ശ്രമിക്കുന്നതെന്ന് പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് മധു ആരോപിച്ചു. പരിക്കേറ്റ വീട്ടമ്മ വണ്ടാനം മെഡിക്കല്‍ കോളേജില്‍ കോമാവസ്ഥയില്‍ ചികിത്സയിലാണെന്നും, കുടുംബം കടുത്ത സാമ്പത്തികവും മാനസികവുമായി ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും മധു പറയുന്നു.
എന്നാല്‍ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ സ്വാഭാവികമായി സംഭവിക്കുന്ന പിഴവു
കള്‍ മാത്രമാണിത് എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഈ മാസം 10-ാം തീയതി ദേശീയപാതയില്‍ പുറക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ബേബി എന്ന വീട്ടമ്മയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ബേബിക്ക് ഇതുവരെ രണ്ടു ഓപ്പറേഷനുകള്‍ കഴിഞ്ഞതായി ഭര്‍ത്താവ് മധു പറഞ്ഞു. ബേബി ആശുപത്രിയില്‍ ആയതോടെ പരിചരണവും കാര്യങ്ങളുമായി ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് മധു. ജോലിക്ക് പോയിലഭിക്കുന്ന ദിവസവരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും ചലനശേഷി നഷ്ടപ്പെട്ട ഭാര്യയുമായി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയില്ലെന്നും മധു പറയുന്നു.
ഇതിനിടയിലാണ് അപകടമുണ്ടാക്കിയയാലെ സംരക്ഷിക്കുന്ന തരത്തിലുള്ള നപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നത് ഏറെ വേദനാജനകമാണെന്ന് മധു പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍വെച്ച് മധുവും നാട്ടുകാരും പ്രതിയായ 16-കാരനെ നേരിട്ട് പോലീസിന് കാട്ടിക്കൊടുത്തിരുന്നു.
എന്നാല്‍ ഈ മാസം 12-ന് പോലീസ് നല്‍കിയ എഫ്ഐആറില്‍ പ്രതിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ബൈക്ക് ഓടിച്ചയാള്‍ക്ക് 30 വയസ്സ് തോന്നിക്കുമെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് പോലീസിനോട് ചോദിച്ചപ്പോള്‍ 'അത് വക്കീല്‍ നോക്കിക്കോളും' എന്ന മറുപടിയാണ് ലഭിച്ചതെന്നും കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മധുആരോപിക്കുന്നു.
അതേസമയം, എഫ്ഐആര്‍ എന്നത് ഒരു പ്രാഥമിക വിവര റിപ്പോര്‍ട്ട് മാത്രമാണെന്നും അതില്‍ ചില തെറ്റുകള്‍ സംഭവിച്ചേക്കാമെന്നുമാണ് പോലീസിന്റെ വാദം. വാഹനം ഓടിച്ചത് ലൈസന്‍സില്ലാത്ത 18 വയസ്സ് പൂര്‍ത്തിയായ ആളാണെന്ന് വ്യക്തമാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അതിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.