Image

ചീഫ് ജസ്റ്റിസിനെതിരെയുള്ള എക്സ് പോസ്റ്റ്; കെപിസിസിക്കെതിരായ കോടതിയലക്ഷ്യ പരാതിയില്‍ കേസെടുത്ത് സുപ്രീംകോടതി

Published on 31 October, 2026
 ചീഫ് ജസ്റ്റിസിനെതിരെയുള്ള എക്സ് പോസ്റ്റ്; കെപിസിസിക്കെതിരായ കോടതിയലക്ഷ്യ പരാതിയില്‍ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെ (കെ..പി.സി.സി.) കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള കത്ത് സുപ്രീംകോടതി റിട്ട് ഹര്‍ജിയായി രജിസ്റ്റര്‍ ചെയ്തു.ഒക്ടോബര്‍ 13-ന് അഡ്വക്കേറ്റ് വിനീത് ജിന്‍ഡാല്‍ ചീഫ് ജസ്റ്റിസിനയച്ച കത്ത് ഒക്ടോബര്‍ 30-ന് സിവില്‍ റിട്ട് ഹര്‍ജിയായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇത് വാദം കേള്‍ക്കുന്നതിനായി ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല.

ഒക്ടോബര്‍ 12-നാണ് കെപിസിസിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ പോസ്റ്റ് വന്നത്. 'പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജി വെക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ കണ്ടെത്തിക്കൊള്ളാം' എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ തന്നെ നീക്കം ചെയ്യുകയുണ്ടായി.

ഇത് കോടതിയലക്ഷ്യം ആണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു. ഒക്ടോബര്‍ 12-ന് നടന്ന സുപ്രീം കോടതി പരിസരത്തെ രാഷ്ട്രീയ പ്രകടനത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഏതെങ്കിലും നിയന്ത്രിത പ്രദേശത്ത് അനുമതിയില്ലാതെ പ്രവേശിച്ചിട്ടുണ്ടോയെന്നോ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നോ പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സംഭവത്തില്‍ കെ.പി.സി.സി. ചീഫ് ജസ്റ്റിസിനോട് നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണിപ്പോള്‍ ഇത് റിട്ട് ഹര്‍ജിയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അയച്ച വക്കീല്‍ നോട്ടീസിന് ഒക്ടോബര്‍ 22-ന് നല്‍കിയ മറുപടിയിലാണ് കെപിസിസി മാപ്പ് പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകനായ വിജയ് തോട്ടത്തിലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ഇയാളെ പിന്നീട് പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കം ചെയ്തതായും മറുപടിയില്‍ പറഞ്ഞിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക