
കൊച്ചി: ചേരാനെല്ലൂരിൽ കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കേസിൽ പ്രോസിക്യൂഷൻ നടപടികളിൽ വിശ്വാസം നഷ്ടപ്പെട്ടതായി മകൾ ഭദ്രകീർത്തി. ജഡ്ജിയുടെ മകനായ പതിനേഴുകാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷൻ കോടതിയിൽ പതറിയതാണ് കുടുംബത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയത്. പ്രതിയുടെ ജാമ്യം എന്തിന് റദ്ദാക്കണമെന്ന സെഷൻസ് കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂട്ടർക്ക് സാധിച്ചില്ലെന്നും, വാദിക്കേണ്ട നിർണായക ഘട്ടത്തിൽ വിക്കി നിൽക്കുകയായിരുന്നുവെന്നും ഭദ്രകീർത്തി ആരോപിച്ചു. കേസ് ആരോ ബോധപൂർവം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും കോടതി നടപടികൾക്ക് ശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു.
കേസ് പരിഗണിച്ച അഡീഷണൽ സെഷൻസ് കോടതി പ്രോസിക്യൂഷനെയും പൊലീസ് അന്വേഷണത്തെയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കേവലം ‘നീതിയുടെ താല്പര്യാർത്ഥം’ എന്ന് പൊതുവായി പറയുന്നതുകൊണ്ട് മാത്രം ജാമ്യം റദ്ദാക്കാനാകില്ലെന്നും അതിന് വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. പതിനേഴുകാരൻ എന്തിനാണ് അർദ്ധരാത്രിയിൽ കാറുമായി പോയതെന്ന് പൊലീസ് അന്വേഷിച്ചോ എന്ന കോടതിയുടെ ചോദ്യത്തിനും പ്രോസിക്യൂട്ടർക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ഇതേത്തുടർന്ന്, തിങ്കളാഴ്ച കേസ് ഡയറിയുമായി നേരിട്ട് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി കർശന നിർദ്ദേശം നൽകി.
കേസിൽ പ്രോസിക്യൂഷന്റെ വീഴ്ച വലിയ ചർച്ചയായതോടെ വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുകളും ശക്തമായിട്ടുണ്ട്. ഇരയുടെ കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ തയ്യാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാൻ ഉന്നതതല ഇടപെടൽ നടക്കുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ, കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിലെത്തുമ്പോഴുള്ള തുടർനടപടികൾ നിർണായകമാകും.