Image

'കേരള'ത്തിൽ നിന്ന് 'കേരള'ത്തിലേക്ക്; എഴുപതിന്റെ നിറവിൽ സംസ്ഥാനം ഇന്ന് പിറന്നാൾ ആഘോഷിക്കുന്നു

Published on 01 November, 2026
'കേരള'ത്തിൽ നിന്ന് 'കേരള'ത്തിലേക്ക്; എഴുപതിന്റെ നിറവിൽ സംസ്ഥാനം ഇന്ന് പിറന്നാൾ ആഘോഷിക്കുന്നു

തിരുവനന്തപുരം: മലയാളികളുടെ സ്വത്വവും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് നാടെങ്ങും ഇന്ന് കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. 1956 നവംബർ ഒന്നിന് മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങളെ കോർത്തിണക്കി ഭാഷാടിസ്ഥാനത്തിൽ ഐക്യകേരളം രൂപംകൊണ്ടതിന്റെ എഴുപതാം വാർഷികമാണ് സംസ്ഥാനം ഇന്ന് അഭിമാനത്തോടെ വരവേൽക്കുന്നത്. ഔദ്യോഗിക നാമം 'കേരള' എന്നതിൽ നിന്ന് പൂർണമായും മാതൃഭാഷാ ശൈലിയിലുള്ള 'കേരളം' എന്ന് മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം എന്ന പ്രത്യേകതയും ഇത്തവണത്തെ കേരളപ്പിറവി ദിനത്തിനുണ്ട്.   

കേരളപ്പിറവിയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിട്ടുള്ളത്. നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മുൻ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, മുൻ സെക്രട്ടറിമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവർക്കൊപ്പം അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ തിളങ്ങിയ മുൻ നിയമസഭാംഗം എം.ജെ. ജേക്കബിനെയും ചടങ്ങിൽ വിശിഷ്ടമായി ആദരിക്കും. ​

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സാംസ്കാരിക-സാഹിത്യ രംഗങ്ങളിലും വിപുലമായ തുടക്കമാണ് കുറിക്കുന്നത്. നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ എട്ടുദിവസം നീണ്ടുനിൽക്കുന്ന പുസ്തക പ്രദർശനം സ്പീക്കർ ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാര പ്രഖ്യാപനവും ഇന്ന് നടക്കും. മാതൃഭാഷാ സ്നേഹവും ജനാധിപത്യ പാരമ്പര്യവും ഉയർത്തിപ്പിടിച്ചുള്ള ആഘോഷങ്ങളിലേക്ക് നാടാകെ ഉണർന്നുകഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക