Image

കോട്ടയത്തെ കാറപകടം ആത്മഹത്യാശ്രമമെന്ന് യുവാവ്; ഇടിച്ചത് ഏഴ് വാഹനങ്ങളില്‍, അറസ്റ്റ്

Published on 02 November, 2026
 കോട്ടയത്തെ കാറപകടം ആത്മഹത്യാശ്രമമെന്ന് യുവാവ്; ഇടിച്ചത് ഏഴ് വാഹനങ്ങളില്‍, അറസ്റ്റ്

കാഞ്ഞിരപ്പള്ളി (കോട്ടയം): ദേശീയപാത 183-ല്‍ ചോറ്റിയില്‍ യുവാവ് കാര്‍ അലക്ഷ്യമായി അമിതവേഗത്തില്‍ ഓടിച്ച് മറ്റു വാഹനങ്ങളിലിടിച്ചുകയറ്റിയ അപകടം ആത്മഹത്യാശ്രമമാണെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. അപകടത്തിനിടയാക്കിയ കാര്‍ ഡ്രൈവര്‍ കുട്ടിക്കല്‍ പുത്തൂര്‍ ശാരോണിണ്‍ ഫിലിപ്പിനെ (27) പോലീസ് അറസ്റ്റുചെയ്തു. മനഃപൂര്‍വമുള്ള നരഹത്യാശ്രമത്തിനാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തത്. അപകടത്തില്‍ പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചോറ്റി ജങ്ഷനില്‍ ഞായറാഴ്ച രാവിലെ 8.15-നായിരുന്നു അപകടം. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിരുന്നു.കൂട്ടിക്കല്‍ മഠത്തില്‍ അന്‍സാരി (65), കൂട്ടിക്കല്‍ മഠത്തില്‍ സഹില്‍ (31), മടുക്ക മരുതുംവയലില്‍ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ എം.എസ്. അദ്വൈത് (ഒന്‍പത്), എം.എസ്. ആവണി (നാല്), ചോറ്റി ഇല്ലക്കുളത്ത് പി.വി. രാജന്‍ (65), കൊച്ചുമക്കളായ ചോറ്റി മരുതുംവയലില്‍ രേവന്ത് (12), ശ്രേവന്ദ് (11), ചോറ്റി പ്ലാമുട് രാജു (71) എന്നിവര്‍ പരിക്കേറ്റ് ചികിത്സതേടി.

മൂന്നുപേര്‍ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടിയശേഷം മടങ്ങി, അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഒരു മണിക്കുറോളം റോഡില്‍ ഗതാഗതം സ്തംഭിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക