
മുംബൈ: പ്രമുഖ ടെലിവിഷന്‍ താരം അനൂജ് ഠാക്കൂര്‍ (33) അന്തരിച്ചു. ഒക്ടോബര്‍ 27-ന് മുംബൈ ഓഷിവാരയിലെ വീട്ടില്‍ ഉറക്കത്തിനിടെ അപസ്മാരബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ രൂപേഷ് സോനാറാണ് സോഷ്യല്‍ മീഡിയയിലൂടെ മരണവിവരം പങ്കുവെച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പും അനൂജിന് അപസ്മാര ബാധയുണ്ടായിട്ടുണ്ടെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നുവെന്നും രൂപേഷ് വെളിപ്പെടുത്തി. സംഭവസമയത്ത് മുറിയില്‍ തനിച്ചായിരുന്നതിനാല്‍ വൈദ്യസഹായം ലഭ്യമാക്കാന്‍ സാധിച്ചില്ല.
പതിവായി രാവിലെ 4:30-ന് ഉണരാറുള്ള അനൂജ്, അലാറം അടിച്ചിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഹരിദ്വാറില്‍ സംസ്‌കരിച്ചു.
'ധൂം മച്ചാവോ ധൂം', 'ബന്ധന്‍ സാത് ജന്മോം കാ', 'ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ', 'മഹിസാഗര്‍' തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകളില്‍ അനൂജ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നടന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ടെലിവിഷന്‍ രംഗത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.