Image

ചേരാനല്ലൂര്‍ കേസ്: കോടതിയില്‍ കൊമ്പുകോര്‍ത്ത് പ്രോസിക്യൂഷനും കുടുംബത്തിന്റെ അഭിഭാഷകനും; വാദം അടച്ചിട്ട മുറിയില്‍

Published on 02 November, 2026
 ചേരാനല്ലൂര്‍ കേസ്: കോടതിയില്‍ കൊമ്പുകോര്‍ത്ത് പ്രോസിക്യൂഷനും കുടുംബത്തിന്റെ അഭിഭാഷകനും; വാദം അടച്ചിട്ട മുറിയില്‍

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസിന്റെ വാദം നടക്കുക ഇനി അടച്ചിട്ട മുറിയില്‍. കേസില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും അവരുടെ അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസ്സംനില്‍ക്കുന്നെന്ന ഗുരുതരമായ ആരോപണം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍മാധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണം ഗുരുതരമാണെന്ന് നിരീക്ഷിച്ച കോതി, ഇത് അനുവദിക്കാനാവില്ലെന്ന് അറിയിച്ചു. ഒരുവിധ സമ്മര്‍ദവുമില്ലാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണം. പ്രോസിക്യൂഷനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് കോടതിയെയാണ് അറിയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകന്‍ മാധ്യമങ്ങളോട് സംസാരിച്ചതുമായി ബന്ധപ്പെട്ട ചില രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അതേസമയം, പ്രോസിക്യൂഷന്‍ തങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കുന്നില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ തിരിച്ചടിച്ചു. ഇതോടെ കോടതിയില്‍ അഭിഭാഷകനും പ്രോസിക്യൂട്ടറും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും എന്നാല്‍, അത് പരസ്യമായി പറയാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും അഭിഭാഷകന്‍ 
വ്യക്തമാക്കിയതോടെയാണ് ഇന്‍ക്യാമറ വാദത്തിലേക്ക് നടപടികള്‍ നീങ്ങിയത്. അടച്ചിട്ട മുറിയിലുള്ള വാദത്തെ കുടുംബം എതിര്‍ത്തെങ്കിലും വാദം ആനിലയില്‍ തുടരുകയാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക