
വയനാട്: മീനങ്ങാടി സ്‌കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്‌ണനെ സ്ഥലം മാറ്റിയ വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർഥികളും സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റിയും രംഗത്ത്. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹയർസെക്കൻഡറി വിദ്യാർഥികൾ പഠിപ്പുമുടക്കി സ്‌കൂളിൽ പ്രതിഷേധ പ്രകടനം നടത്തി.
മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്‌ണനെ വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റിയ നടപടിയാണ് പുതിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ക്ലാസുകൾ ബഹിഷ്‌കരിച്ച വിദ്യാർഥികൾ സ്‌കൂൾ കോമ്പൗണ്ടിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധവുമായി ഒത്തുകൂടി. പ്രിൻസിപ്പലിനെതിരെ എടുത്തത് പ്രതികാര നടപടിയാണെന്നാണ് പ്രധാന ആരോപണം.
യാത്രയിൽ പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്നും, പരിശോധനാ ഫലം പുറത്തുവന്നതോടെ തനിക്കെതിരെ ചില കേന്ദ്രങ്ങൾ നടത്തിയത് കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പ്രിൻസിപ്പൽ ഷിവി കൃഷ്‌ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്നും, പിടിഎ പ്രസിഡൻ്റ് മദ്യപിച്ച് ബസിൽ കയറിയപ്പോൾ പ്രിൻസിപ്പൽ തന്നെയാണ് ഇടപെട്ട് നടപടിയെടുത്തതെന്നും വിദ്യാർഥികളും യാതൊരു സംശയവുമില്ലാതെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.