Image

വീട്ടിൽ അതിക്രമിച്ചുകയറി 80 കാരിയെ ഊണുമേശയുടെ കാലിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസ്; ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി പിടിയിൽ

Published on 02 November, 2026
വീട്ടിൽ അതിക്രമിച്ചുകയറി 80 കാരിയെ ഊണുമേശയുടെ കാലിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസ്; ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി പിടിയിൽ

ഇടുക്കി: വീട്ടിൽ അതിക്രമിച്ചുകയറി 80 വയസുകാരിയെ ഊണുമേശയുടെ കാലിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ അൽത്താഫിനെയാണ് കോയമ്പത്തൂരിൽ നിന്ന് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

2025 ഡിസംബർ 14നായിരുന്നു രാജകുമാരിയെ നടുക്കിയ സംഭവം. രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ മാതാവ് മറിയക്കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ വയോധികയെ കീഴ്‌പ്പെടുത്തി ഊണുമേശയുടെ കാലിൽ തുണികൊണ്ട് കെട്ടിയിടുകയായിരുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന ഒരു പവൻ തൂക്കം വരുന്ന മൂന്ന് സ്വർണമോതിരങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന 3,000 രൂപയും കവർന്നു.

എന്നാൽ, കവർച്ചയ്ക്കിടെ , പ്രതികൾ വീട്ടിലുണ്ടായിരിക്കെ തന്നെ മറിയക്കുട്ടി കെട്ടഴിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ പ്രതികൾ മോഷണം ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് മറിയക്കുട്ടിയുടെ മകളുടെ മകൻ പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ, സുഹൃത്തുക്കളായ കാഞ്ഞിരപ്പള്ളി സ്വദേശിനി അനില, തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സ്വദേശിനി സോണിയ എന്നിവരും കവർച്ചയിൽ പങ്കാളികളായിരുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്ന് സോണിയയെ മണർകാട്ടുള്ള വാടകവീട്ടിൽനിന്നും സൈബു തങ്കച്ചനെയും അനിലയെയും പാലക്കാട് നിന്നുമാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.

എന്നാൽ, കേസിലെ ഒന്നാം പ്രതിയായ അൽത്താഫ് പൊലീസിൻ്റെ പിടിയിലാകാതെ ഒളിവിൽ തുടരുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഒടുവിൽ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ സോണിയക്കൊപ്പം കോയമ്പത്തൂരിൽ താമസിച്ചുവരികയായിരുന്ന അൽത്താഫ് അവിടെ ഡ്രൈവർ ജോലി ചെയ്‌തുവരികയായിരുന്നുവെന്നാണ് വിവരം.

അതേസമയം, മണിമല, പള്ളിക്കത്തോട്, തൊടുപുഴ, പുത്തൻകുരിശ്, എരുമേലി എന്നീ പൊലീസ് സ്റ്റേഷനുകളിലായി അൽത്താഫിനെതിരെ ഏഴ് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക