
കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ 12 പേരെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നേരത്തെ കാലടിയിലെ പ്രതിഷേധത്തില്‍ 16 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. അതേസമയം, സസ്‌പെന്‍ഷനിലുള്ള ശ്യാംജിത്ത്, ശ്രദ്ധ, കെ വി അഭിജിത്, അര്‍ച്ചന എന്നിവരെ തിരിച്ചെടുക്കില്ല.
സസ്‌പെന്‍ഷന്‍ ഉത്തരവ് ലംഘിച്ച് സര്‍വകലാശാല ക്യാംപസിനകത്ത് കയറി എന്ന കാരണത്താലാണ് നാലുപേര്‍ക്കെതിരായ നടപടി പിന്‍വലിക്കാത്തത്. നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികള്‍ 12 പേരും സര്‍വകലാശാലയ്ക്ക് മാപ്പെഴുതി നല്‍കണമെന്ന നിബന്ധന സിന്‍ഡിക്കേറ്റ് മുന്നോട്ടു വെച്ചിട്ടുണ്ട്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് സത്യവാങ്മൂലവും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി പിന്‍വലിക്കരുതെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, പരീക്ഷ എഴുതാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്താനും എസ്എഫ്‌ഐ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് 12 പേരെ തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായത്.