Image

ഇൻസ്റ്റഗ്രാം ചാറ്റിനെച്ചൊല്ലി തർക്കം: തിരുവനന്തപുരത്ത് 17കാരനെ കഴുത്തുഞെരിച്ച് കൊന്ന് ചാക്കിൽകെട്ടി തള്ളി; രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

Published on 02 November, 2026
ഇൻസ്റ്റഗ്രാം ചാറ്റിനെച്ചൊല്ലി തർക്കം: തിരുവനന്തപുരത്ത്   17കാരനെ കഴുത്തുഞെരിച്ച് കൊന്ന് ചാക്കിൽകെട്ടി തള്ളി; രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

 

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി 17 വയസ്സുകാരന്റെ അരുംകൊല. തിരുവനന്തപുരം ശ്രീകാര്യത്ത് അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ എൻ.എസ്.എസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ അഭിരാമിനെ കഴിഞ്ഞ ദിവസമാണ് കാണാതായത്. സംഭവത്തിൽ 17-കാരനായ സുഹൃത്തും ഉമർ എന്നയാളും പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ 17-കാരന്റെ പെൺസുഹൃത്തുമായി അഭിരാം ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്തിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് സന്ദേശമയച്ചാണ് അഭിരാമിനെ ഇവർ ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. 

ഞായറാഴ്ച (നവംബർ 1) ഉച്ചയ്ക്ക് ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പാങ്ങപ്പാറയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഭിരാം വീട്ടിൽ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ, ഫോൺ രേഖകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

പെൺകുട്ടിയുടെ ഐഡിയിലാണ് സന്ദേശം വന്നതെന്ന് കണ്ടെത്തിയ പൊലീസ്, പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് 17-കാരനിലേക്ക് അന്വേഷണം എത്തുന്നത്. വിളിച്ചുവരുത്തിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും, തുടർന്ന് മൃതദേഹം ചാക്കിലാക്കി വിജനമായ പറമ്പിൽ തള്ളുകയുമായിരുന്നുവെന്ന് പ്രതി മൊഴി നൽകി. കൃത്യത്തിനുശേഷം ഉമർ എന്നയാളെ വിവരമറിയിച്ചെന്നാണ് 17-കാരൻ പറയുന്നത്. എന്നാൽ കൊലപാതകം ഒരാൾ മാത്രമായി നടത്തില്ലെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക