
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നല്കി. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫിസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്.
ക്ലിഫ് ഹൗസില്‍ അനാവശ്യ മോടിപിടിപ്പിക്കലോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ സതീശൻ നിര്‍ദേശം നൽകിയതാണ്.
2022 മുതല്‍ തയാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പില്‍ നിന്നുള്ള വിശദീകരണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. ഇത് മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.
അതേസമയം, ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി.
എൽഡിഎഫ് ഭരണകാലത്ത് ക്ലിഫ് ഹൗസിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയാൽ പോലും വലിയ ധൂർത്താണെന്നാണ് കോൺഗ്രസ് പ്രചരിപ്പിച്ചിരുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടന്നപ്പോഴെല്ലാം ധൂർത്താണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ തന്നെ ഇതിന് മറുപടി പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.