Image

കാലടി സർവ്വകലാശാല സസ്‌പെൻഷൻ വിവാദം: വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതിയില്ല

Published on 03 November, 2026
കാലടി സർവ്വകലാശാല സസ്‌പെൻഷൻ വിവാദം: വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതിയില്ല

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. വിദ്യാർത്ഥികൾക്ക് നാളെ (നവംബർ 4) ആരംഭിക്കുന്ന പരീക്ഷ എഴുതാൻ കോടതി അനുമതി നൽകിയില്ല. സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് നടപടി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കാലടി സർവ്വകലാശാല നൽകിയ അപ്പീൽ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

സസ്‌പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 10 പേർക്കാണ് നാളെ മുതൽ നടക്കുന്ന പരീക്ഷ എഴുതാനുണ്ടായിരുന്നത്. സർവ്വകലാശാലയുടെ സസ്‌പെൻഷൻ നടപടി ഉണ്ടായി ഇന്ന് 65 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് കോടതിയിൽ നിന്നുള്ള ഈ സുപ്രധാന ഉത്തരവ്. ഓഗസ്റ്റ് 23-ന് ക്യാമ്പസിൽ നടന്ന സമരം അക്രമത്തിലേക്ക് വഴിമാറിയെന്നും വി.സിയുടെ പ്രതീകാത്മക ശവഘോഷയാത്ര നടത്തിയെന്നുമാണ് അന്വേഷണ സമിതി സിൻഡിക്കേറ്റിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത്.

അതേസമയം, മാപ്പ് എഴുതി നൽകിയാൽ 16-ൽ 12 വിദ്യാർത്ഥികളുടെയും സസ്‌പെൻഷൻ പിൻവലിക്കാമെന്ന് സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ മാപ്പ് എഴുതി നൽകി കീഴടങ്ങാൻ തയ്യാറല്ലെന്ന് സമരത്തിലുള്ള എസ്.എഫ്.ഐ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഡിവിഷൻ ബെഞ്ചിൽ നിന്ന് വിദ്യാർത്ഥികൾക്ക് അനുകൂലമല്ലാത്ത വിധി വന്നിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക