
തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് 400ലേറെ ബിയർ ആൻഡ് വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച നടപടി പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി എക്സൈസ് മന്ത്രി എം. ലിജു. ലൈസൻസ് അനുവദിക്കുന്നതിലെ പഴുതുകൾ അടയ്ക്കുന്നതിനായി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നിൽ കൂടുതൽ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്കും ബിയർ ആൻഡ് വൈൻ പാർലറുകൾക്കും ബാർ ലൈസൻസ് അനുവദിക്കാൻ മുൻ സർക്കാർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്ക് അധികാരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സ്ഥാപനത്തിന് പിന്നീട് മൂന്നിൽ കൂടുതൽ സ്റ്റാർ പദവി ലഭിക്കുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്താൽ അനുമതി നൽകുന്ന രീതിയായിരുന്നു. ഇത്തരത്തിൽ 400ലേറെ ബിയർ ആൻഡ് വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ഈ തീരുമാനങ്ങളെല്ലാം പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ മദ്യനയം രൂപീകരിക്കുന്നതുവരെ സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കില്ലെന്നാണ് നിലവിലെ യുഡിഎഫ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.