
തിരുവനന്തപുരം: നാടിനെ നടുക്കിയ തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള പതിനേഴുകാരന്റെയും സുഹൃത്ത് ഉമറിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. പതിനേഴുകാരൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.
താന്‍ ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പതിനേഴുകാരന്റെ മൊഴി. കൊലപാതക ശേഷം കാപ്പാ കേസ് പ്രതി കൂടിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ പതിനേഴുകാരന്റെ സുഹൃത്തായ പൊൺകുട്ടിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊലയ്ക്ക് പിന്നിൽ പ്രണയ തർക്കങ്ങളാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രതി ലക്ഷ്യമിട്ടത് അഭിരാമിന് ആയിരുന്നില്ലെന്നും അഭിരാമിന്റെ സഹപാഠിയായ മറ്റൊരു പതിനേഴുകാരനെ ആയിരുന്നു എന്നും റിപ്പോർട്ടുണ്ട്. പെൺകുട്ടിക്ക് മെസേജ് അയച്ച അഭിരാമിന്റെ മറ്റൊരു സുഹൃത്തിനെയാണ് ലക്ഷ്യം വെച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയതായാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണവും സ്ഥിരീകരണവും വേണമെന്ന് പൊലീസ് വ്യക്തമാക്കി.