
തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലകളിൽ പ്ലാസ്റ്റിക്കും മണ്ണിൽ ലയിക്കാത്ത മറ്റ് മാലിന്യങ്ങളും ഉപേക്ഷിക്കുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കാൻ വനംവകുപ്പ് തീരുമാനിച്ചു. വരുന്ന ഡിസംബർ ഒന്നു മുതൽ ഉത്തരവ് കർശനമായി നടപ്പാക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് കുറ്റക്കാരിൽ നിന്ന് നേരിട്ട് പിഴ ചുമത്താൻ അധികാരമുണ്ടായിരിക്കും. പിഴയടയ്ക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിലെ കർശന വകുപ്പുകൾ ചുമത്തി കേസെടുക്കും.
ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കമ്യൂണിറ്റി റിസർവുകൾ ഉൾപ്പെടെയുള്ള എല്ലാ സംരക്ഷിത വനപ്രദേശങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. വനമേഖലകളിലേക്ക് എത്തുന്ന സന്ദർശകർ വലിച്ചെറിയുന്ന ആഹാരാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകളും കുപ്പികളും മറ്റ് പാത്രങ്ങളും ഭക്ഷിക്കുന്നത് വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാടിന്റെ തനതായ ആവാസവ്യവസ്ഥയെ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾ തടയാൻ ലക്ഷ്യമിട്ടാണ് നടപടികൾ കടുപ്പിച്ചത്.
വിനോദസഞ്ചാരികൾക്ക് പുറമെ, വനത്തിനുള്ളിലെ ജനവാസമേഖലകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി സംരക്ഷിത വനപാതകളിലൂടെ യാത്ര ചെയ്യുന്നവർക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കും. നിയമലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പൂർണ്ണമായും അതത് സംരക്ഷിത പ്രദേശങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിക്കും. സംരക്ഷിത വനമേഖലകളിൽ ഹരിതചട്ടം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ, വി.എസ്.എസ്-ഇ.ഡി.സി പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷണ സമിതിയും രൂപീകരിക്കും.