Image

ബി.എൽ.എം തട്ടിപ്പ് കേസ്: തൃശൂർ രാഗം തിയേറ്ററിൽ ഇ.ഡിയുടെ മിന്നൽ റെയ്ഡ്; അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസി

Published on 04 November, 2026
ബി.എൽ.എം തട്ടിപ്പ് കേസ്: തൃശൂർ രാഗം തിയേറ്ററിൽ ഇ.ഡിയുടെ മിന്നൽ റെയ്ഡ്; അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസി

തൃശൂർ: കോടികളുടെ ബി.എൽ.എം സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ പ്രമുഖ സിനിമാ തിയേറ്ററായ 'ജോർജേട്ടൻസ് രാഗം' കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മിന്നൽ പരിശോധന നടത്തി. അടുത്തിടെയാണ് ഈ തിയേറ്റർ ബി.എൽ.എം ഗ്രൂപ്പ് ഏറ്റെടുത്തത്. നിക്ഷേപകരിൽനിന്ന് തട്ടിയെടുത്ത തുക ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ ബിനാമി സ്വത്തുക്കളും മറ്റ് ആസ്തികളും കേന്ദ്രീകരിച്ച് ഇ.ഡി നടത്തുന്ന സമഗ്രാന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.

​സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രാഗം തിയേറ്റർ മറ്റൊരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയതായും ഇതിലൂടെ വായ്പയായി ലഭിച്ച കോടിക്കണക്കിന് രൂപ സൊസൈറ്റിയുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യങ്ങൾക്കും ബിനാമി ഇടപാടുകൾക്കുമായി ഉപയോഗിച്ചെന്ന പരാതികൾക്കിടെയാണ് ഇ.ഡിയുടെ നിർണായക ഇടപെടൽ. ഇതോടെ ബി.എൽ.എം ചെയർമാൻ ആർ. പ്രേംകുമാറിനെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകിയിരിക്കുകയാണ്.

​സൊസൈറ്റിയുടെ മറവിൽ മുന്നൂറോളം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രാരംഭ കണ്ടെത്തലെങ്കിലും യഥാർത്ഥ തട്ടിപ്പ് അയ്യായിരം കോടി രൂപയിലധികം വരുമെന്നാണ് നിക്ഷേപകരുടെ ആരോപണം. നിലവിൽ കേരള ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി സംഘം അപ്രതീക്ഷിതമായി പരിശോധനയ്ക്കെത്തിയത് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മറ്റ് ബിനാമി ആസ്തികളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള കോടികളുടെ കൈമാറ്റങ്ങളെക്കുറിച്ചും കേന്ദ്ര ഏജൻസി വിശദമായ പരിശോധന തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക