
ന്യൂഡൽഹി: വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പണം നൽകുന്നതിന് നിലവിലുള്ള ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനം ഉടൻ നിർത്തലാക്കുമെന്ന് കേന്ദ്രമന്ത്രി രഞ്ജൻ സിങ് വ്യക്തമാക്കി. പകരം ഗുണഭോക്താക്കളുടെ ബയോമെട്രിക്സും വോട്ടർ ഐഡി നമ്പറും ഉപയോഗിച്ചായിരിക്കും ആനുകൂല്യങ്ങൾ വിതരണം ചെയ്യുക. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച 'പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ 2026-27' ൽ സംസാരിക്കവെയാണ് സുപ്രധാനമായ ഈ നയമാറ്റം മന്ത്രി പ്രഖ്യാപിച്ചത്.
വ്യാജ ആധാർ കാർഡുകൾ വ്യാപകമായി നിർമ്മിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരിഷ്കാരത്തിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായതെന്ന് മന്ത്രി വിശദീകരിച്ചു. ആധാർ കാർഡ് നിർമ്മിച്ചു നൽകുന്ന കേന്ദ്രങ്ങൾ ഇപ്പോൾ എല്ലായിടത്തും ലഭ്യമാണെന്നും ആരുടെ പേര് പറഞ്ഞാലും വെറും അഞ്ച് മിനിറ്റിനുള്ളിൽ വ്യാജ കാർഡുകൾ തയാറാക്കി നൽകാൻ അവർക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാങ്കേതിക ക്രമക്കേടുകൾ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് വോട്ടർ ഐഡിയും ബയോമെട്രിക്സും അടിസ്ഥാനമാക്കിയുള്ള പുതിയ വിതരണ രീതി ഏർപ്പെടുത്തുന്നത്. കൂടാതെ പെർഫോമൻസ് ഗ്രാന്റുകൾക്ക് അർഹത നേടുന്നതിന് ഗ്രാമപഞ്ചായത്തുകൾ സ്വന്തം വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം-കിസാൻ, പ്രധാൻ മന്ത്രി ആവാസ് യോജന, വാർദ്ധക്യ-വിധവ-ഭിന്നശേഷി പെൻഷനുകൾ ഉൾപ്പെടുന്ന നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം തുടങ്ങിയ പ്രധാന ക്ഷേമ പദ്ധതികളിലെല്ലാം ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ധനസഹായം നൽകി വരുന്നത്. ദശലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്ന ഈ പദ്ധതികളിൽ വോട്ടർ ഐഡിയും ബയോമെട്രിക്സും നിർബന്ധമാക്കുന്നതോടെ കേന്ദ്ര ആനുകൂല്യ വിതരണ ശൃംഖലയിൽ വൻ മാറ്റങ്ങൾക്കാകും രാജ്യം സാക്ഷ്യം വഹിക്കുക.