Image

തമിഴ്നാട്ടിൽ പടക്കം പൊട്ടിക്കാൻ ദിവസം രണ്ട് മണിക്കൂർ മാത്രം; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

Published on 04 November, 2026
തമിഴ്നാട്ടിൽ പടക്കം പൊട്ടിക്കാൻ ദിവസം രണ്ട് മണിക്കൂർ മാത്രം; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

ചെന്നൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് കർശന സമയനിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. രാവിലെ ആറ് മുതൽ ഏഴ് മണി വരെയും വൈകീട്ട് ഏഴ് മുതൽ എട്ട് മണി വരെയുമുള്ള രണ്ട് മണിക്കൂർ സമയം മാത്രമേ പടക്കം പൊട്ടിക്കാൻ അനുവാദമുള്ളൂ എന്ന് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അമിതമായ വായു-ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനും സുരക്ഷിതവും പരിസ്ഥിതിസൗഹൃദവുമായ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നടപടി.

​പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന രീതിയിലായിരിക്കണം ദീപാവലി ആഘോഷങ്ങളെന്ന് തമിഴ്നാട് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. അമിതമായ ശബ്ദവും പുകയും ഉയർത്തുന്ന പരമ്പരാഗത പടക്കങ്ങൾക്ക് പകരം പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കണം. 2018-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലിനീകരണം കുറഞ്ഞ 'ഹരിത പടക്കങ്ങൾ' (ഗ്രീൻ ക്രാക്കേഴ്സ്) മാത്രമേ സംസ്ഥാനത്ത് നിർമ്മിക്കാനും വിൽക്കാനും അനുമതിയുള്ളൂ. ഇത് ഉറപ്പാക്കുന്നതിനായി തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.

​കൂടുതൽ ശബ്ദമുണ്ടാക്കുന്ന ചങ്ങലപ്പടക്കങ്ങൾ (സരവെടി) പൊട്ടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശ്ശബ്ദ മേഖലകൾക്ക് സമീപവും തീപിടിത്ത സാധ്യതയുള്ള വൈക്കോൽ മേഞ്ഞ വീടുകൾക്ക് അടുത്തും പടക്കം പൊട്ടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക