
അബുദാബി: യു.എ.ഇ പതാകദിനാഘോഷ ചടങ്ങിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക അതിഥിയായി ക്ഷണം നേടി മലയാളി വനിത. തൃശൂർ കുന്നംകുളം അഞ്ഞൂർ സ്വദേശിനിയും അബുദാബി പോർട്സ് ഗ്രൂപ്പിന്റെ ഫുജൈറ ടെർമിനൽ ഉദ്യോഗസ്ഥയുമായ ഷംജ മുജീബ് മുഹമ്മദാണ് ഈ വലിയ ആദരവിന് അർഹയായത്. രാഷ്ട്ര നിർമ്മാണത്തിന് 55 വർഷം പൂർത്തിയാകുന്നതിന്റെ പ്രതീകമായി വിവിധ മേഖലകളിൽ നിസ്തുല സേവനവും ധീരതയും തെളിയിച്ച 55 പ്രമുഖ വ്യക്തികളെയാണ് പ്രസിഡന്റിനൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ രാജ്യവ്യാപകമായി തെരഞ്ഞെടുത്തത്. ഇതിൽ ഉൾപ്പെട്ട ഏക മലയാളി സാന്നിധ്യമാണ് ഷംജ.
അബുദാബിയിലെ ചരിത്രപ്രസിദ്ധമായ ഖസർ അൽ ഹുസ്നിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് രാജ്യത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തി ഇവർ ആദരിക്കപ്പെട്ടത്. ഫുജൈറ ടെർമിനലിൽ പ്രതിസന്ധി ഘട്ടങ്ങളിലും യുദ്ധകാലയളവിലും ഷംജ നൽകിയ സമാനതകളില്ലാത്ത സേവനവും ജോലിയോടുള്ള പ്രതിബദ്ധതയും പരിഗണിച്ചാണ് ഈ അംഗീകാരം. ചടങ്ങിൽ ഓരോ അതിഥിയെയും നേരിട്ട് ഹസ്തദാനം ചെയ്ത് അഭിനന്ദിച്ച യു.എ.ഇ പ്രസിഡന്റ്, അവർക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു. കൂടാതെ പ്രോട്ടോക്കോൾ മാറ്റിവെച്ച് അതിഥികളിലൊരാളായ ഡോ. അബ്‌റാർ അൽ തനീജിയെ പ്രസിഡന്റ് പതാക ഉയർത്താൻ ഒപ്പം കൂട്ടിയതും ശ്രദ്ധേയമായി.
ഇത്തരമൊരു ബഹുമതി ലഭിച്ചത് തികച്ചും അപ്രതീക്ഷിതവും ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷവുമാണെന്ന് ഷംജ പ്രതികരിച്ചു. യു.എ.ഇയിലെ മാധ്യമപ്രവർത്തകൻ മുജീബ് അഞ്ഞൂരിന്റെ പത്നിയായ ഇവർ കുടുംബത്തോടൊപ്പം നിലവിൽ ഫുജൈറയിലാണ് താമസം. തൃശൂർ ചാവക്കാട് കേളച്ചേടത്ത് പരേതനായ മുഹമ്മദിന്റെയും സുബൈദയുടെയും മകളാണ്. റൂമി രഹൻ, റിസിൽ സായൂജ്, റെയ്സൽ റിസ്വി എന്നിവർ മക്കളും റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷമീർ മുഹമ്മദ്, കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ഷംല മുഹമ്മദ് എന്നിവർ സഹോദരങ്ങളുമാണ്.