
അഹമ്മദാബാദ്: ഉത്പാദനച്ചെലവ് ഉയർന്നതിനെത്തുടർന്ന് പ്രമുഖ ക്ഷീര ബ്രാൻഡായ അമൂൽ പാൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചു. വെണ്ണയ്ക്കും നെയ്യിനുമാണ് പ്രധാനമായും വില കൂട്ടിയത്. ഒരു ലിറ്റർ നെയ്യിന് 50 രൂപയും 500 ഗ്രാം ബട്ടറിന് 15 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (അമൂൽ) അറിയിച്ചു.
36 ലക്ഷത്തോളം ക്ഷീരകർഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ പ്രസ്ഥാനമെന്ന നിലയിൽ, കർഷകരുടെ താൽപ്പര്യം സംരക്ഷിക്കാനും ഉൽപ്പാദനച്ചെലവിലെ വർധനവ് നേരിടാനും വില കൂട്ടാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കാലിത്തീറ്റച്ചെലവും വിതരണച്ചെലവുകളും വർധിച്ചത് ക്ഷീരമേഖലയെ ബാധിച്ചതാണ് വിലവർധനവിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
വിലവർധനവ് നിലവിൽ വന്നതോടെ 500 ഗ്രാം അമൂൽ വെണ്ണയ്ക്ക് 310 രൂപയിൽനിന്ന് 325 രൂപയായി. ഒരു ലിറ്റർ അമൂൽ നെയ്യിന്റെ പാക്കറ്റിന് 630 രൂപയ്ക്ക് പകരം ഇനി 680 രൂപ നൽകണം. ഒരു ലിറ്റർ പശുവിൻ നെയ്യിന്റെ വില 695 രൂപയിൽനിന്ന് 735 രൂപയായും ഉയർന്നു. നിത്യോപയോഗ സാധനങ്ങളുടെ നിരക്കിലുണ്ടായ ഈ മാറ്റം സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ നേരിട്ട് ബാധിക്കും.