
തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥി അഭിരാം കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഗുണ്ട ഉമറിന്റെ കാമുകി ഐശ്വര്യയും അറസ്റ്റിലായി. കൊലപാതക ഗൂഢാലോചനയിൽ ഐശ്വര്യക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിനിമയെ വെല്ലുന്ന ആസൂത്രണമാണ് ഈ കൊലപാതകത്തിന് പിന്നിൽ നടന്നിട്ടുള്ളത്.
താൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വരുത്തിതീർക്കാൻ ഉമറും ഐശ്വര്യയും ചേർന്ന് വലിയ പദ്ധതിയാണ് തയ്യാറാക്കിയത്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ താൻ വീട്ടിലായിരുന്നുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉമർ തന്റെ ഫോൺ വീട്ടിൽ വെച്ചാണ് കൊലപാതകത്തിന് പോയത്. വെറുതെ വെച്ചുപോവുകയല്ല ചെയ്തത്, പകരം ഐശ്വര്യയെ ഫോണിൽ വിളിച്ച് കണക്ട് ചെയ്ത ശേഷം കോൾ കട്ട് ചെയ്യാതെ ഹോൾഡ് ചെയ്തു വെക്കുകയാണുണ്ടായത്. ഫോൺ ഒരുവശത്ത് കോളിൽ ഹോൾഡ് ചെയ്തിരിക്കുമ്പോൾ ഉമറും പതിനേഴുകാരനും ചേർന്ന് അഭിരാമിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ക്യാമറകളുടെ മുന്നിൽ പോലും പെടാതെയായിരുന്നു ഉമറിന്റെ സഞ്ചാരം.
കൊലപാതകം നടത്തിയ വിവരം ഉമർ ഉടൻ തന്നെ ഐശ്വര്യയെ വിളിച്ചറിയിച്ചു. തുടർന്ന് ഈ കൊലപാതകം പ്രായപൂർത്തിയാകാത്ത പതിനേഴുകാരൻ മാത്രമാണ് ചെയ്തതെന്ന് വരുത്തിതീർക്കാൻ ഇരുവരും ഫോണിൽ ചാറ്റ് ചെയ്ത് കൃത്രിമ തെളിവുകളുമുണ്ടാക്കി. പൊലീസ് ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചാൽ ഈ ചാറ്റുകളിലൂടെ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വരുത്തിതീർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പ്രായപൂർത്തിയാകാത്ത കുട്ടിയോട് കുറ്റം മുഴുവൻ താൻ ഏറ്റെടുക്കാൻ പറഞ്ഞതും ഉമറാണ്.
ഈ കേസിൽ പ്രതിയായ 17-കാരനും അവന്റെ കാമുകി ആനന്ദയും ഗുണ്ടയായ ഉമറും ഇതിനകം തന്നെ റിമാൻഡിലാണ്. ഇതിനിടെ നടത്തിയ പരിശോധനയിൽ കൊലപാതകം നടത്തിയ സമയം 17-കാരൻ ഉപയോഗിച്ച വസ്ത്രം വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. എന്നാൽ അഭിരാമിനെ വീട്ടിന് പുറത്തേക്ക് വിളിച്ചിറക്കാൻ ഉപയോഗിച്ച ഫോൺ പ്രതികൾ ഒളിപ്പിച്ചിരിക്കുകയാണ്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ തോടും കുറ്റിക്കാടും പൊലീസ് അരിച്ചുപെറുക്കിയെങ്കിലും തൊണ്ടിമുതലായ ആ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.