
ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭഗവന്ത് മൻ പാർലമെന്റിൽ മദ്യപിച്ചാണ് എത്തിയിരുന്നതെന്നും, സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് അദ്ദേഹത്തിന് എന്ത് പ്രതിബദ്ധതയാണുള്ളതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യിൽ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമർശം.
പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനം തടയുന്നതിൽ ആം ആദ്മി പാർട്ടി സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്ന് രാഹുൽ ആരോപിച്ചു. ഡൽഹിയിലെ നേതൃത്വത്തിന്റെ പൂർണ നിയന്ത്രണത്തിലാണ് പഞ്ചാബ് ഭരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “രാവിലെ 11 മണിയാകുമ്പോഴേക്കും പാർലമെന്റിൽ തനിക്കൊപ്പം ഇരുന്നിരുന്ന മന്നിൽ നിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടിരുന്നു. മദ്യപിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. എന്നാൽ സംസ്ഥാനത്തെ ലഹരിമുക്തമാക്കാൻ പോരാടേണ്ട മുഖ്യമന്ത്രി തന്നെ എപ്പോഴും മദ്യലഹരിയിലാണെങ്കിൽ അത് എങ്ങനെ സാധ്യമാകും?” എന്ന് രാഹുൽ ചോദിച്ചു.
പഞ്ചാബിൽ ലഹരിമരുന്ന് വലിയ ഭീഷണിയാകുമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ താൻ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് രാഹുൽ ഓർമിപ്പിച്ചു. എന്നാൽ അന്ന് ബി.ജെ.പിയും ശിരോമണി അകാലിദളും അത് തമാശയായി തള്ളിക്കളയുകയായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഡൽഹിയുടെ ഇടപെടലില്ലാതെ സ്വതന്ത്രമായി ഭരിക്കാൻ മുഖ്യമന്ത്രിക്ക് പൂർണ സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.