
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് - കണ്ണൂർ റോഡിലെ കാടാച്ചിറ ആഡൂർ പാലം പെട്രോൾ പമ്പിന് മുൻപിൽ സ്വകാര്യ ബസ് പുറകിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. മുണ്ടയോട് ശ്രേയസിൽ പി സരസനാണ് (54) മരിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ശശിയുടെ സഹോദരനാണ് സരസൻ. കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനാണ്. രാവിലെ ജോലിക്ക് പോകവേയാണ് അപകടം.
ഇന്നലെ രാവിലെ 7:10-ഓടെയാണ് അപകടം നടന്നത്. കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന 'നബീൽ' എന്ന സ്വകാര്യ ബസ് സരസന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരസന് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
അനിഷയാണ് ഭാര്യ; നന്ദന ഏക മകളാണ്.