Image

കുടുംബവഴക്ക് : ബെംഗളൂരുവിൽ ഭാര്യ ഉൾപ്പെടെ ഏഴംഗ കുടുംബത്തെ കാബ് ഡ്രൈവർ കൊലപ്പെടുത്തി

Published on 06 November, 2026
കുടുംബവഴക്ക് : ബെംഗളൂരുവിൽ ഭാര്യ ഉൾപ്പെടെ ഏഴംഗ കുടുംബത്തെ കാബ് ഡ്രൈവർ കൊലപ്പെടുത്തി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് കാബ് ഡ്രൈവർ ഭാര്യയെയും ഭാര്യാമാതാവിനെയും ഉൾപ്പെടെ കുടുംബത്തിലെ ഏഴു പേരെ അതിക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരുവിലെ രാജാജിനഗർ ഭാഷ്യം സർക്കിളിന് സമീപമാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. അരകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപാതകം നടത്തിയ പ്രതി ഇന്ദുശേഖറിനെ (53) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ദുശേഖറിൻ്റെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപാവതി, സുനിതയുടെ സഹോദരങ്ങളായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിൻ്റെ മകൻ ഏഴുവയസ്സുകാരനായ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പതിറ്റാണ്ട് മുൻപായിരുന്നു ഇന്ദുശേഖറും സുനിതയും തമ്മിലുള്ള വിവാഹം. ആദ്യകാലങ്ങളിൽ ഇവരുടെ ദാമ്പത്യജീവിതം സന്തോഷകരമായിരുന്നെങ്കിലും പിന്നീട് കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു.

സുനിത സ്വന്തം വീട്ടുകാരുമായി അടുത്ത ബന്ധം പുലർത്തുന്നതാണ് ഇന്ദുശേഖറിനെ പ്രകോപിപ്പിച്ചത്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുന്നത് ഇയാൾ വിലക്കിയിരുന്നു. എന്നാൽ സുനിത ഇതിന് തയ്യാറായില്ല. തൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഭാര്യയുടെ കുടുംബമാണെന്ന് വിശ്വസിച്ച പ്രതി ഇവരെ ഒന്നടങ്കം ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. ആദ്യം ഭാര്യ സുനിതയെ അരകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി, മൃതദേഹം കാറിൽ കയറ്റി ചിക്കബെല്ലാപ്പൂർ ജില്ലയിലെ നന്ദി ഹിൽസിൽ ഉപേക്ഷിച്ചു. ഭാര്യയെ കാണാനില്ലെന്ന സംശയം ഒഴിവാക്കാൻ, അവർ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയതാണെന്ന് അയൽവാസികളോട് കള്ളം പറഞ്ഞു.

ആരും ബന്ധപ്പെടാതിരിക്കാൻ സുനിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് ഭാര്യയുടെ സഹോദരങ്ങളായ ശിവകുമാറിനെയും ശങ്കറിനെയും മദ്യപിക്കാനായി ഇയാൾ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി. മദ്യലഹരിയിലായിരുന്ന ഇരുവരെയും ഇതേ അരകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇവരുടെ ഭാര്യമാരായ നളിനിയെയും ദിവ്യയെയും പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്.

കൊലപാതക പരമ്പര അവിടെയും അവസാനിച്ചില്ല. ഭാര്യാമാതാവ് രൂപാവതിയെയും ശങ്കറിൻ്റെ മകൻ പുനീതിനെയും ഇയാൾ നിഷ്കരുണം കൊലപ്പെടുത്തി. പിടിക്കപ്പെടാതിരിക്കാൻ ഏഴ് മൃതദേഹങ്ങളും ഒരേ സ്ഥലത്ത് ഉപേക്ഷിക്കാതെ ചാർമാഡി ഘട്ട് ഉൾപ്പെടെ പലയിടങ്ങളിലായി തള്ളുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വീട്ടിലെ രക്തക്കറകൾ പൂർണമായും കഴുകിക്കളഞ്ഞ പ്രതി, കൊലപാതകത്തിന് ഉപയോഗിച്ച അരകല്ല് രാസവസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്തു. നളിനിയെ കാണാനില്ലെന്ന് കാണിച്ച് അവരുടെ അമ്മ ശ്രീരാമപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നത്. മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ച കാർ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് പിടിച്ചെടുത്തു. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നന്ദി ഹിൽസ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഏഴുവയസ്സുകാരനായ പുനീതിൻ്റെ മൃതദേഹം കണ്ടെടുത്തു.

ബാക്കി ആറ് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക