Image

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി 30 വർഷത്തിനുശേഷം കുണ്ടറയിൽ പിടിയിൽ

Published on 06 November, 2026
ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി 30 വർഷത്തിനുശേഷം കുണ്ടറയിൽ  പിടിയിൽ

1995ൽ നടന്ന കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 30 വർഷത്തിനുശേഷം പിടിയിലായി. തൃശൂരിലെ മാർത്ത കൊലക്കേസിലെ പ്രതിയും ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയുമായ കൃഷ്ണകുമാറാണ് അറസ്റ്റിലായത്.

കൊലപാതകം നടക്കുമ്പോൾ കൃഷ്ണകുമാറിന് 18 വയസായിരുന്നു പ്രായം. ചാലക്കുടി സ്വദേശി പ്രസാദ് (19) ആയിരുന്നു കേസിലെ കൂട്ടുപ്രതി. സ്വർണം കവർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇരുവരും കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ കൃഷ്ണകുമാർ പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു.

കോടതി ലോങ് പെൻഡിങ് വാറണ്ട് പുറപ്പെടുവിച്ച് ഏകദേശം 30 വർഷം പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെ തൃശൂർ മേഖലാ ഡിഐജിയുടെ നിർദേശപ്രകാരം സിറ്റി പോലീസ് കമ്മിഷണർ നകുർ ആർ. ദേശ്മുഖ്, തൃശൂർ എസിപി ടി.ആർ. രാജേഷ്, ഈസ്റ്റ് സിഐ നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. 2022 മുതൽ കേസ് അന്വേഷിച്ചു വരുന്ന ഉദ്യോഗസ്ഥരും വെസ്റ്റ് എസ്ഐ ആദർശ്, പോലീസുകാരായ ഷനോജ്, ഹരീഷ്, ദീപക്, അജ്മൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അന്വേഷണത്തിൽ പേരിലും മറ്റ് വ്യക്തിവിവരങ്ങളിലും ചെറിയ മാറ്റങ്ങൾ വരുത്തി ഉത്തർപ്രദേശിലെ മീററ്റിൽ ഒളിവിൽ കഴിയുകയാണെന്ന സൂചന ലഭിച്ചു. തുടർന്ന് അന്വേഷണ സംഘം മീററ്റിലെത്തി. 15 വർഷം മുമ്പ് കൊല്ലം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് ഇയാൾ കേരളത്തിലേക്ക് മടങ്ങിയതായി കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിൽ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം കുണ്ടറയിൽ വെൽഡിങ് ജോലി ചെയ്ത് താമസിക്കുകയാണെന്നും വ്യക്തമായി. ഇതോടെ ഉത്തർപ്രദേശിൽനിന്ന് മടങ്ങിയ അന്വേഷണസംഘം കൊല്ലത്തെത്തി വെൽഡിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന പ്രതിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക