Image

പാകിസ്ഥാൻ വാർത്താ അവതാരകയെ വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

Published on 09 November, 2026
പാകിസ്ഥാൻ വാർത്താ അവതാരകയെ വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ വാർത്താ അവതാരക റാബിയ അഹ്സാനെ (41) റാവൽപിണ്ടിയിലെ വസതിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവും ഓവർസീസ് പാകിസ്ഥാനീസ് ഫൗണ്ടേഷൻ ഡപ്യൂട്ടി ഡയറക്ടറുമായ അഹ്സാൻ താഹിറിനെ റാവൽപിണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തു.

നവംബർ 8 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ കിടപ്പുമുറിയിലാണ് റാബിയയെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. വെടിശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റാബിയയെയും കയ്യിൽ തോക്കുമായി നിൽക്കുന്ന ഭർത്താവിനെയുമാണ് കണ്ടതെന്ന് റാബിയയുടെ സഹോദരി അൽവിന പൊലീസിന് മൊഴി നൽകി. കഴുത്തിന് താഴെയും മുതുകിന്റെ വലതുഭാഗത്തുമായി രണ്ടിടത്താണ് റാബിയയ്ക്ക് വെടിയേറ്റിട്ടുള്ളത്.

അബദ്ധത്തിൽ വെടിപൊട്ടിയതാണ് എന്നൊക്കെയുള്ള വാദമാണ് കസ്റ്റഡിയിലുള്ള താഹിർ പൊലീസിന് മുന്നിൽ ഉന്നയിക്കുന്നത്. എന്നാൽ തോക്കിന്റെ സാധുവായ ലൈസൻസ് ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. പ്രമുഖ വാർത്താ ചാനലായ ‘92 ന്യൂസ്’ലെ അവതാരകയായിരുന്നു റാബിയ അഹ്സാൻ. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക