
ഡൽഹി: ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള നീക്കങ്ങളുടെ ഭാഗമായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിൽ നിന്ന് പുതിയ പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും ആവശ്യപ്പെട്ടു. 2024 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് ശേഷമുള്ള ഹസീനയുടെ ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിത്. തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ആവശ്യമായ രേഖകൾ വേഗത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് ലണ്ടൻ ആസ്ഥാനമായുള്ള മാട്രിക്‌സ് ചേമ്പേഴ്‌സിലെ ഹസീനയുടെ അഭിഭാഷകർ ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിലെ ആക്ടിംഗ് ഹൈക്കമ്മിഷണർ പ്രീതി റഹ്‌മാന് കത്ത് നൽകി.
നാടുവിട്ടതിനു പിന്നാലെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹസീനയുടെ പാസ്‌പോർട്ടും നാഷണൽ ഐഡന്റിറ്റി കാർഡും റദ്ദാക്കിയിരുന്നു. സ്വന്തം നാട്ടിൽ തിരികെയെത്തി കോടതിയിൽ കീഴടങ്ങാനാണ് ഹസീന ലക്ഷ്യമിടുന്നതെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിരിച്ചുവരുന്ന കൃത്യമായ തീയതി പ്രഖ്യാപിക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
2025 നവംബറിൽ വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ മാരകമായ അടിച്ചമർത്തലിന് ഉത്തരവിട്ടതിന് ബംഗ്ലാദേശിലെ യുദ്ധക്കുറ്റ കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. അതിനാൽ ഹസീനയുടെ ഈ തിരിച്ചുവരവ് നീക്കം ബംഗ്ലാദേശിൽ പുതിയ രാഷ്ട്രീയ, നിയമപരമായ തർക്കങ്ങൾക്ക് വഴിതുറക്കും