
തിരുവനന്തപുരം: സീറാം സാംബശിവ റാവു എക്സൈസ് കമ്മിഷണറായിരിക്കെ അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി ഉത്തരവിറക്കി സർക്കാർ. നെടുമ്പാശേരി വിമാനത്താവളത്തിൽ അനുവദിച്ച എഫ്എൽ 7 ലൈസൻസ് ആണ് റദ്ദാക്കിയത്. ലൈസൻസിനുള്ള അനുമതിയും സർക്കാർ റദ്ദാക്കി.
നെടുമ്പാശേരി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിൻ്റെ അനുമതിയും ലൈസൻസുമാണ് റദ്ദാക്കിയത്. ലൈസൻസിനുവേണ്ടി അപേക്ഷിച്ച രണ്ടുലക്ഷം രൂപ തിരികെ ലഭിക്കാൻ അപേക്ഷ നൽകിയാൽ മതിയെന്നും എക്സൈസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ എക്സൈസ് കമ്മിഷണർ ആർ. ജയശങ്കർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
യുഡിഎഫ് മദ്യനയം വരുന്നതുവരെ എഫ്എൽ 7 അടക്കമുള്ള പുതിയ ബാർ ലൈസൻസുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം കാരണമായി ചൂണ്ടിക്കാണിച്ചാണ് നടപടി. യുഡിഎഫ് മദ്യനയം വന്നശേഷം വീണ്ടും ലൈസൻസിന് അപേക്ഷിക്കാമെന്നും ഉത്തരവിലുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലെ രണ്ട് പുതിയ ബാറിനാണ് ലൈസൻസ് നൽകിത്.
ട്രാവൽ ഫുഡ് സർവ്വീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ച് എയർപോർട്ട് ലോഞ്ചുകളിൽ നൽകുന്ന എഫ്എൽ 7 ലൈസൻസ് അനുവദിച്ച് സാംബശിവ റാവു ആയിരുന്നു ഉത്തരവിറക്കിയത്. ഇതേത്തുടർന്നുണ്ടായ വിവാദങ്ങളെത്തുടർന്ന് സാംബശിവ റാവുവിനെ കമ്മിഷണർ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.