
പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വെടിവെച്ചു കൊലപ്പെടുത്തി ബംഗാൾ പൊലീസ്. തിങ്കളാഴ്ച രാവിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ പശ്ചിമ ബംഗാൾ-ബീഹാർ അതിർത്തിക്ക് സമീപത്താണ് സംഭവം. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന മെയ് മാസത്തിന് ശേഷം ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവർ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന നാലാമത്തെ സംഭവമാണിത്.
ഉത്തർ ദിനാജ്പൂർ ജില്ലയിൽ നവംബർ 3നാണ് 12 വയസ്സുള്ള പെൺകുട്ടിയെ കാണാതായത്. സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി തിരികെ എത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം, കുലിക് നദിക്ക് സമീപമുള്ള വനമേഖലയിൽ നിന്ന് കുട്ടിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. ദിലീപ് റോയിയെ പ്രതിയായി പ്രഖ്യാപിച്ചു. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.
റോയ് ബീഹാറിലേക്ക് കടക്കാൻ ശ്രമിക്കവെ പുലർച്ചെ മൂന്നുമണിയോടെ പൊലീസ് സംഘം വളയുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തതായി ആരോപിക്കപ്പെടുന്നു. "തുടർന്ന് നടന്ന വെടിവെയ്പ്പിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും റായ്ഗഞ്ച് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു, അവിടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു," ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.