Image

കോളജുകൾക്ക് കോഴ്സ് തുടങ്ങാനും സീറ്റ് വർധിപ്പിക്കാനും ഇളവ്; സർക്കാർ തീരുമാനത്തെ പിന്തുണച്ച് കെഎസ്‌യു

Published on 09 November, 2026
കോളജുകൾക്ക് കോഴ്സ് തുടങ്ങാനും സീറ്റ് വർധിപ്പിക്കാനും ഇളവ്; സർക്കാർ തീരുമാനത്തെ പിന്തുണച്ച് കെഎസ്‌യു

സ്വയംഭരണ എയ്ഡഡ്, സ്വാശ്രയ കോളജുകൾക്ക് പുതിയ കോഴ്സുകൾ തുടങ്ങാനും സീറ്റുകൾ വർധിപ്പിക്കാനും ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് കെഎസ്‌യു. സർക്കാർ തീരുമാനത്തെ വക്രീകരിക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം അനിവാര്യമാണെന്നും ഇത് തിരിച്ചറിഞ്ഞാണ് യുഡിഎഫ് സർക്കാർ നയങ്ങൾ രൂപീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻ സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിൽ മനംമടുത്താണ് നിരവധി ചെറുപ്പക്കാർ കേരളം വിട്ടുപോയതെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു. സർവകലാശാലയുടെ അനുമതിയോടെയാണ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നത്. അതിനാൽ വീണ്ടും സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. വിഷയത്തിൽ എസ്എഫ്ഐ നിലപാട് തിരുത്തണമെന്നും കെഎസ്‌യു പ്രസിഡന്റ് ആവശ്യപ്പെട്ടു.

അതേസമയം, എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളജുകൾക്ക് നൽകിയ ഇളവുകളിൽ ഉറച്ചുനിൽക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. കോഴ്സുകൾ ആരംഭിക്കുന്നതിലടക്കമുള്ള നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനാണ് തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ തീരുമാനം വിദ്യാഭ്യാസ കച്ചവടത്തിന് വഴിവെക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക