
സർക്കാർ ജീവനക്കാരൻ അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടിവന്നാൽ പ്രത്യേക സസ്പെൻഷൻ ഉത്തരവിന്റെ ആവശ്യമില്ല. നിയമപ്രകാരം അത്തരമൊരു ജീവനക്കാരൻ സ്വാഭാവികമായിത്തന്നെ സസ്പെൻഷനിലായതായി കണക്കാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബിഹാറിൽ നിന്നുള്ള ഒരു കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മൻമോഹനും ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. സർക്കാർ സർവീസിലുള്ളവർ അറസ്റ്റിലാകുന്ന സാഹചര്യത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച ഈ നിരീക്ഷണം ശ്രദ്ധേയമാണ്.
ബിഹാറിലെ സദർ ആശുപത്രിയിൽ മാനേജരായിരുന്ന വിശ്വജീത് സിങ്ങിന് അനുവദിച്ച ജാമ്യം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ പരാമർശം. കരാർ ജീവനക്കാരന് 36,421 രൂപയുടെ ശമ്പളക്കുടിശ്ശിക അനുവദിച്ചുനൽകുന്നതിന് 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു വിശ്വജീത്തിനെതിരായ കേസ്. അറസ്റ്റിലായതിനെത്തുടർന്ന് അദ്ദേഹം 15 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് ലഭിച്ച ജാമ്യം ഏകദേശം ഒരു വർഷത്തിനുശേഷം പട്ന ഹൈക്കോടതി റദ്ദാക്കി. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് വിശ്വജീത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു