Image

ബിഷപ്പ് പാംപ്ലാനിയുടെ വെളിപ്പെടുത്തൽ: ഗവർണർക്ക് പരാതി നൽകി വിഎച്ച്പി

Published on 10 November, 2026
ബിഷപ്പ് പാംപ്ലാനിയുടെ വെളിപ്പെടുത്തൽ:  ഗവർണർക്ക് പരാതി നൽകി വിഎച്ച്പി

മന്ത്രി എ പി അനിൽകുമാർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ഗവർണർക്ക് ഔദ്യോഗികമായി പരാതി നൽകി. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. സഭയുടെ ആവശ്യങ്ങൾ എളുപ്പത്തിൽ സാധിച്ചെടുക്കുന്നതിനായി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് തങ്ങൾ നിർദേശിക്കുന്ന ഒരാളെ ഉൾപ്പെടുത്തണമെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി മന്ത്രി എ പി അനിൽകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മന്ത്രി ഒരാളുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെടുകയും, സഭ നിർദേശിച്ച വ്യക്തിയെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുകയും ചെയ്തു എന്നായിരുന്നു ബിഷപ്പിന്റെ പ്രസംഗം.

‘സ്വജനപക്ഷപാതമോ ചില പ്രത്യേക താൽപര്യങ്ങളോ വെച്ച് പുലർത്തി പ്രവർത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് മന്ത്രിമാർ അധികാരമേൽക്കുന്നത്. എന്നാൽ ബിഷപ്പിന്റെ വെളിപ്പെടുത്തൽ ഈ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്ന്’ വിഎച്ച്പി ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ രാജ്ഭവൻ നിയമോപദേശം തേടാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സഭ ആവശ്യപ്പെട്ട വ്യക്തിയെ റവന്യൂ വകുപ്പിൽ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചതിൽ നന്ദി രേഖപ്പെടുത്തി തലശ്ശേരി രൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കാസർഗോഡ് വെള്ളരിക്കുണ്ടിൽ നടന്ന കെസിവൈഎം യുവജന സമ്മേളനത്തിലാണ് മന്ത്രി നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടതായി അദ്ദേഹം പരസ്യമായി വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക