Image

പ്രധാനമന്ത്രി പദത്തെ കുറിച്ച് പ്രണബ് മുഖർജിയുടെ സൂചന; ഞെട്ടിപ്പോയെന്ന് ആത്മകഥയിൽ സോണിയ

Published on 10 November, 2026
പ്രധാനമന്ത്രി പദത്തെ കുറിച്ച് പ്രണബ് മുഖർജിയുടെ സൂചന; ഞെട്ടിപ്പോയെന്ന് ആത്മകഥയിൽ സോണിയ

മുൻ രാഷ്ട്രപതിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന അന്തരിച്ച പ്രണബ് മുഖർജി, പ്രധാനമന്ത്രിയാകണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ച് ഒരിക്കൽ സൂചന നൽകിയിരുന്നതായി മുൻ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. 2010-ൽ സോണിയ ഗാന്ധിയുമായുള്ള ഒരു സംഭാഷണത്തിനിടെയാണ് രാജ്യത്തിന്റെ നേതൃത്വത്തിൽ ‘മാറ്റം വേണം’ എന്ന നിർദേശം പ്രണബ് മുഖർജി മുന്നോട്ടുവെച്ചത്. 

സോണിയാ ഗാന്ധിയുടെ ഇന്ന് പുറത്തിറങ്ങിയ 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന ആത്മകഥയിലാണ് പ്രണബ് മുഖർജിയുടെ പ്രധാനമന്ത്രി മോഹങ്ങളെക്കുറിച്ചുള്ള പരാമർശമുള്ളത്. പ്രണബിന്റെ ഈ നിർദേശം തന്നെ ഞെട്ടിച്ചെന്നും, പ്രധാനമന്ത്രി പദത്തോടുള്ള അദ്ദേഹത്തിന്റെ ദീർഘകാല ആഗ്രഹത്തിന്റെ സൂചനയായാണ് താൻ ഇതിനെ മനസ്സിലാക്കിയതെന്നും സോണിയ എഴുതുന്നു. തുടർന്ന് താൻ തന്ത്രപൂർവം വിഷയം മാറ്റുകയായിരുന്നു.

അന്നത്തെ ധനമന്ത്രി പി. ചിദംബരവുമായി പ്രണബ് മുഖർജിക്ക് ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും സോണിയ ഗാന്ധി പുസ്തകത്തിൽ പറയുന്നു.  അന്ന് യു.പി.എ സർക്കാരിന്റെ രണ്ടാം ഭരണകാലത്ത് ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായി തുടരുകയായിരുന്നു. 

“2010-ൽ ഒരിക്കൽ, തന്റെ നിരാശ പ്രകടിപ്പിച്ച ശേഷം, രാജ്യത്തിന്റെ നേതൃത്വത്തിൽ മാറ്റത്തിനുള്ള സമയം വന്നിരിക്കുന്നുവെന്ന് അദ്ദേഹം നിർദേശിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. പ്രധാനമന്ത്രിയാകണമെന്ന അദ്ദേഹത്തിന്റെ ദീർഘകാല ആഗ്രഹത്തിലേക്കുള്ള സൂചനയായാണ് ഞാൻ അതിനെ മനസ്സിലാക്കിയത്,” സോണിയ ഗാന്ധി എഴുതുന്നു. ഈ വിഷയം താൻ സൗമ്യമായി മാറ്റിവെച്ചെന്നും, അതിൽ പ്രണബ് മുഖർജിക്ക് നിരാശയുണ്ടായിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും അത് തന്റെ മനസ്സിൽ വെച്ചതായി തോന്നിയിട്ടില്ലെന്നും സോണിയ പറയുന്നു.

“2012-ൽ റിപ്പബ്ലിക്കിലെ ഏറ്റവും ഉയർന്ന പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള യു.പി.എ സ്ഥാനാർഥിയായി ഞങ്ങളുടെ പാർട്ടി അദ്ദേഹത്തെ നാമനിർദേശം ചെയ്തു. അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അറിവും പാണ്ഡിത്യവും നിറഞ്ഞ രാഷ്ട്രീയ നേതാവായിരുന്ന അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ പലപ്പോഴും അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു,” സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.

2012 മുതൽ 2017 വരെ പ്രണബ് മുഖർജി ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. 2020-ലാണ് അദ്ദേഹം അന്തരിച്ചത്. രാഷ്ട്രപതി ഭവനിലെ അദ്ദേഹത്തിന്റെ കാലയളവിലാണ് യു.പി.എ അധികാരത്തിൽ നിന്ന് പുറത്താകുകയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുകയും ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രണബ് മുഖർജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക