
ആലുവ: വാഴക്കുലയില്‍ ഒളിപ്പിച്ച് വന്‍തോതില്‍ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ സംഭവത്തിന് ബെംഗളൂരുവിലെ നൈജീരിയന്‍ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ്. സംഭവത്തില്‍ പിടിയിലായ മുഖ്യ കടത്തുകാരന്‍ ധനേഷ് എസ്. നായര്‍(31)ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത് നൈജീരിയന്‍ ബന്ധത്തിലൂടെ ആണെന്നാണ് പോലീസ് പറയുന്നത്.
ബിസിനസ് വിസയിലും വിദ്യാഭ്യാസ വിസയിലും ഇന്ത്യയിലെത്തുന്ന നൈജീരിയന്‍ സ്വദേശികള്‍ വിസ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി ഇന്ത്യയില്‍ തങ്ങിയാണ് ലഹരിമരുന്ന് കച്ചവടം നടത്തുന്നത്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നൈജീരിയക്കാര്‍ ലഹരികച്ചവടം നടത്തുന്നത്. ഇവരുടെ പക്കല്‍ നിന്നും മൊത്തമായി എംഡിഎംഎ വാങ്ങും.
വാഴക്കുലയിലെ കായ്കളുടെ ഓരോ നിര പടലകള്‍ക്കിടയില്‍ 50 ഗ്രാം ആക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് എംഡിഎംഎ. കടത്തുന്നത്. വാഴക്കുല മൊത്തമായി പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടും. പരിശോധന ഉണ്ടായാല്‍ ചാക്ക് തുറന്നു വാഴക്കുലയാണെന്ന് കാണിച്ചുകൊടുക്കും. കാര്‍ഷിക വിഭവം ആയതിനാല്‍ കൂടുതല്‍ പരിശോധിക്കാനായി പോലീസ് നില്‍ക്കാറില്ല.
ഈ അവസരം മുതലാക്കി ധനേഷ് 2023 മുതല്‍ വാഴക്കുലകള്‍ക്കിടയില്‍വെച്ച് കേരളത്തിലേക്ക് എംഡിഎംഎ കടത്തിവരുന്നുണ്ട്. മൈസൂരുവിലെ നഞ്ചന്‍കോടില്‍ നിന്നാണ് എംഡിഎംഎ കൊച്ചിയില്‍ ചില്ലറ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. നഞ്ചന്‍കോടില്‍ ആറേക്കര്‍ വാഴത്തോട്ടമാണ് ഇയാള്‍ക്കുള്ളത്.
എംഡിഎംഎ കടത്തുന്നതിനായി പലപ്പോഴും കേരളത്തില്‍ നിന്നും കുറച്ചുപേരെ നഞ്ചന്‍കോടില്‍ കൊണ്ടുവന്നിരുന്നു. 2023-ല്‍ ധനേഷിന് ലഭിച്ച സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരം റദ്ദാക്കാനുള്ള ശ്രമവും ആരംഭിച്ചു. പോലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍തന്നെ പുരസ്‌കാരം റദ്ദ് ചെയ്തേക്കും. വാഴക്കുലകള്‍ കര്‍ശനമായ പരിശോധന നടത്താത്തതിനാല്‍ അമിത ആത്മവിശ്വാസത്തിലാണ് ഇയാള്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയിരുന്നത്.
മികച്ച കര്‍ഷകനെന്ന് പേരെടുത്തതും ഇയാള്‍ക്ക് ഗുണകരമായി. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇയാള്‍ അറസ്റ്റില്‍ ആയതോടെ ഒളിവില്‍ പോയ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് പണം കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്.
ധനേഷ് എസ്. നായര്‍ തണ്ണിമത്തന്‍ കൃഷിയിലൂടെ ഹരിപ്പാട്ട് നല്ല കര്‍ഷകനായി പേരെടുത്ത യുവാവാണ്. 2023-ല്‍ നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ തൃപ്പക്കുടം ക്ഷേത്രത്തിനു സമീപം ഒന്നരയേക്കറോളം പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്നു.
ഹൈബ്രിഡ് തണ്ണിമത്തനായിരുന്നു പ്രധാനം. വാഴയും പയറും ഇടവിളയായുണ്ടായിരുന്നു. ഹരിപ്പാട് മേഖലയില്‍ തണ്ണിമത്തന്‍ കൃഷി പതിവില്ലാത്തതാണ്. എന്നിട്ടും, നല്ല വിളവുണ്ടാക്കിയതിനാല്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ധനേഷിന്റെ കൃഷിയിടം താത്പര്യത്തോടെയാണ് നോക്കിയത്.
കൃഷി പ്രോത്സാഹിപ്പിക്കാന്‍ അന്നത്തെ കൃഷിമന്ത്രി പി. പ്രസാദ് തുടങ്ങിയ കൃഷിദര്‍ശന്‍ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം 2023 ഏപ്രില്‍ 25-ന് ഹരിപ്പാട്ടായിരുന്നു. ഉദ്ഘാടനത്തിനു പിന്നാലെ മികച്ച കര്‍ഷകരെ കൃഷിയിടത്തിലെത്തി ആദരിക്കുന്ന പരിപാടിയുണ്ടായിരുന്നു.
അതനുസരിച്ച് മന്ത്രി പി. പ്രസാദും രമേശ് ചെന്നിത്തല എം.എല്‍.എ.യും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ധനേഷിന്റെ കൃഷിയിടത്തിലെത്തി. തണ്ണിമത്തന്‍ നല്‍കിയാണ് ധനേഷ് അന്ന് മന്ത്രിയെയും ഒപ്പമുണ്ടായിരുന്നവരെയും സ്വീകരിച്ചത്. കൃഷിയിടത്തില്‍ യോഗം ചേര്‍ന്നാണ് ധനേഷിനെ ആദരിച്ചത്.
ഒരുമണിക്കൂറോളം അവിടെ ചെലവഴിച്ച മന്ത്രിയും ഉദ്യോഗസ്ഥരും ധനേഷിന്റെ കൃഷിരീതികള്‍ വിശദമായി ചോദിച്ചറിഞ്ഞു. വീഡിയോ ചിത്രീകരണവും നടത്തി. കൃഷിദര്‍ശനുമായി ബന്ധപ്പെട്ട് പ്രമുഖ ചാനലിലെ ഒരു എപ്പിസോഡ് ധനേഷിന്റെ തണ്ണിമത്തന്‍ കൃഷിയുടെ വിശേഷങ്ങളായിരുന്നു.
കൃഷിദര്‍ശന്‍ വേദിയില്‍ ധനേഷിനെ ആദരിക്കുകയും ചെയ്തു. കൃഷിവകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിക്കൊപ്പം അന്ന് കൃഷിയിട സന്ദര്‍ശനം നടത്തിയത്. കൃഷിവകുപ്പ് കിസാന്‍ കൃഷിദീപം പരിപാടിയിലൂടെ ധനേഷിന്റെ ഹൈടെക്ക് കൃഷിയെപ്പറ്റി പ്രത്യേക എപ്പിസോഡും പുറത്തിറക്കിയിരുന്നു.
ധനേഷ് നാട്ടില്‍ ഒരു സീസണില്‍ മാത്രമാണ് വിപുലമായി കൃഷിചെയ്തിരുന്നതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പാട്ടത്തിനു ഭൂമികിട്ടാത്തതിനാല്‍ കേരളം വിടുകയാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് തട്ടകം കര്‍ണാടകയിലേക്കു മാറ്റിയതെന്നതായിരുന്നു വിശദീകരണം.
അവിടെ കൃഷിചെയ്ത ഏത്തവാഴക്കുലയും ഇഞ്ചിയും നാട്ടിലെത്തിച്ചു വില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഹരിപ്പാട്ടെ ചില കച്ചവടക്കാരെ ഫോണില്‍ വിളിച്ച് ഏത്തക്കുലയും ഇഞ്ചിയും മൊത്തമായി കൊടുക്കാമെന്നു പറഞ്ഞിരുന്നെങ്കിലും ആരും താത്പര്യം കാട്ടിയില്ല.