
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ മുതല്‍ വലിയ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച് തന്നെ കൊണ്ട് ഫയലില്‍ ഒപ്പിടീക്കാനുള്ള ഒരു ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. എം.ജി.രാജമാണിക്യം വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ നവംബര്‍ മുതല്‍ ദീര്‍ഘകാല പവര്‍ക്കട്ട് ഉണ്ടാകുമെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ലഭിച്ചെന്നും പിന്നീടുവന്ന ടീം ഇപ്പോള്‍ പ്രതിസന്ധിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാല്‍ അതിനടിയിച്ച് ഒപ്പുവെക്കാന്‍ ഇരിക്കുന്ന ആളല്ല ഞാന്‍' എന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. 'മുഖ്യമന്ത്രിയുടെ മുന്നിലേക്ക് വൈദ്യുതി മന്ത്രി അയച്ച ഒരു ഫയല്‍ വന്നു. അതില്‍ രണ്ട് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. ഒന്ന് ഹിമാചലിന്റെ വൈദ്യുതി, അതിന് 14.50 രൂപ. രണ്ടാമത്തേത് ജിഎന്‍എയുടെ വൈദ്യുതി 8.63 ഉം 8.90 രൂപ എന്ന ഓപ്ഷനും ഉണ്ടായിരുന്നു. വൈദ്യുതി മന്ത്രി അയച്ച ഫയലില്‍തന്നെ ഹിമാചലിന്റെ വൈദ്യുതി രാജസ്ഥാന് നല്‍കിയ കാര്യം പറയുന്നുണ്ട്. ജിഎന്‍എ മാത്രമാണ് മുന്നിലുള്ളത്. രണ്ടുംകൂടെ താരതമ്യപ്പെടുത്തുമ്പോഴും ജിഎന്‍എ ആണ് നല്ലതെന്നും തീരുമാനിച്ചു. എന്നാല്‍ അവരുമായി ജിഎന്‍എയുമായി ഒരു കരാറിലും ഏര്‍പ്പെട്ടില്ല. തുടര്‍ന്ന് ഇപ്പോ ആവശ്യമുണ്ടോയെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. നവംബറിലും ഡിസംബറിലും വേണ്ട എന്നാണ് കണ്ടെത്തല്‍. എന്നാല്‍ അതിനുശേഷംവേണ്ടി വരും.
അതേസമയം ഇത്തരത്തിലൊരു റിപ്പോര്‍ട്ട് കെഎസ്ഇബി നല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല. പരിശോധിക്കണം എന്ന്. മാത്രമേ പറഞ്ഞുള്ളൂ.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കൂട്ടത്തില്‍ എം.വി.ഗോവിന്ദനും കൂടിയിട്ടുണ്ട്. അദ്ദേഹത്തിന് എന്താണ് കാര്യമെന്ന് പോലും മനസ്സിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.