Image

ഇത്രകാലം പുറത്ത് നിര്‍ത്തിയില്ലേ, ഇനിയും അരിശം തീര്‍ന്നില്ലേ?; കാലടി സര്‍വകലാശാലക്കെതിരെ ഹൈക്കോടതി

Published on 11 November, 2026
ഇത്രകാലം പുറത്ത് നിര്‍ത്തിയില്ലേ, ഇനിയും അരിശം തീര്‍ന്നില്ലേ?; കാലടി സര്‍വകലാശാലക്കെതിരെ ഹൈക്കോടതി

കൊച്ചി: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നു മാസം വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഇനിയെന്ത് മാപ്പ്?. ഇനിയും അരിശം തീര്‍ന്നില്ലേയെന്നും ഹൈക്കോടതി സര്‍വകലാശാലയോട് ചോദിച്ചു. ഇത്ര കാലം അവരെ പുറത്ത് നിര്‍ത്തിയില്ലേ. ഇനിയെന്താണ് സര്‍വകലാശാലയ്ക്ക് വേണ്ടതെന്നും കോടതി ചോദിച്ചു. സസ്‌പെന്‍ഷന് കാരണമെന്താണെന്നും, ഈ വിഷയത്തില്‍ രണ്ട് എഫ്‌ഐആര്‍ എന്തിനെന്നും കോടതി ആരാഞ്ഞു.

കേസില്‍ വിശദമായ വാദം കേള്‍ക്കല്‍ വെള്ളിയാഴ്ച നടക്കും. സസ്‌പെന്‍ഷനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പ്രാഥമികമായി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഇവരൊക്കെ കുട്ടികളല്ലേയെന്ന് ചോദിച്ച കോടതി, ഇപ്പോള്‍ മുതിര്‍ന്നവരായ രാഷ്ട്രീയക്കാര്‍ കുട്ടികളായിരിക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ആരാഞ്ഞു. വിദ്യാര്‍ത്ഥികള്‍ ചെയ്തതിനെ എല്ലാത്തതിനെയും കോടതി ന്യായീകരിക്കുന്നില്ല. പക്ഷെ 60 ദിവസത്തിലേറെയായി അവര്‍ പുറത്തു നില്‍ക്കുകയല്ലേയെന്ന് കോടതി ചോദിച്ചു.

ഇനിയെന്തിനാണ് മാപ്പ്, അച്ചടക്ക നടപടി കഴിഞ്ഞില്ലേയെന്ന് കോടതി ചോദിച്ചു. വൈസ് ചാന്‍സലറെ കയ്യേറ്റം ചെയ്തു, മറ്റ് പ്രതിഷേധങ്ങള്‍ നടത്തിയെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കേസെടുത്തു. രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. ഇതെങ്ങനെ രണ്ടു കേസുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. രണ്ടു സംഭവത്തിലാണ് കേസെടുത്തതെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക