പി.ജി. എന്ന പി. ഗോവിന്ദപ്പിള്ളയുടെ മരണവാര്‍ത്ത ഇപ്പോള്‍ അറിഞ്ഞു. ആ മഹദ്
വ്യക്തിയുടെ ദേഹവിയോഗത്തില്‍ ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്കും, അദ്ദേഹത്തെ
സ്‌നേഹിച്ചിരുന്ന ജനങ്ങള്‍ക്കുമൊപ്പം ഞാനും ദുഃഖിക്കുന്നു. കേരളത്തിലെ
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നാരായ വേര് എന്നു വിശേഷിപ്പിക്കാവുന്ന
വ്യക്തിപ്രഭാവമുള്ളതും, കേരളഗ്രന്ഥശാല
പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ
പി.ജി.ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.
ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ 'ലാന'യുടെ മുഖ്യാതിഥിയായി അമേരിക്ക സന്ദര്‍ശിച്ച ഡോ.
ജോര്‍ജ്ജു ഓണക്കൂര്‍ സര്‍ എനിക്കു സമ്മാനമായി ഒരു പുസ്തകം തന്നു. പി.ജി.
എന്ന സ്‌നേഹ വിസ്മയം എന്നായിരുന്നു അതിന്റെ പേര്. പി.
ഗോവിന്ദപ്പിള്ളയെക്കുറിച്ച് പലതും കേട്ടിട്ടുണ്ടെങ്കിലും കൂടുതല്‍
മനസ്സിലാക്കാന്‍ കഴിഞ്ഞത് ഈ പുസ്തകം വായിച്ചതിനുശേഷമാണ്.
സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തു ജനിച്ചു വളര്‍ന്നതാണെങ്കിലും പഴയ
തറവാട്ടുക്കാരുടെ പല പെരുമാറ്റ ശൈലികളോടു നന്നേ ചെറുപ്പം മുതല്‍ തോന്നിയ
ഒരു തരം വിദ്വേഷം വളര്‍ന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു
മുതല്‍ കൂട്ടായി മാറുകയായിരുന്നു. അധികാര മോഹം തൊട്ടുതീണ്ടാത്ത സംശുദ്ധ
രാഷ്ട്രീയ ചിന്താധാര അറിവുകള്‍ക്കായുള്ള അന്തര്‍ദാഹത്താല്‍ വായിച്ചു
തീര്‍ത്തിട്ടുള്ള പുസ്തകങ്ങള്‍ക്കു കണക്കില്ല. ലോകത്തിന്റെ ഏതുഭാഗത്തു
നടക്കുന്ന ചെറുചലനങ്ങള്‍ പോലും അപ്പപ്പോള്‍ അറിയാന്‍ ആഗ്രഹിച്ചുകൊണ്ട്
പത്രത്താളുകളും പുസ്തകശാലകളും പരതിനടന്ന പച്ചമനുഷ്യന്‍.
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളില്‍ നടക്കുന്ന ചെറുചലനം പോലും ആധികാരികമായി
പറയുവാന്‍ കെല്പുണ്ടായിരുന്നയാള്‍. പകരം വയ്ക്കുവാന്‍ മറ്റൊരാളില്ലാത്ത
പത്തരമാറ്റുള്ള വ്യക്തിപ്രഭാവം. എല്ലാറ്റിനുപരി ഒരു മനുഷ്യസ്‌നേഹി.
എന്റെ പരിമിതമായ അറിവില്‍ നിന്നും എന്തെല്ലാം വിശേഷണങ്ങള്‍ പറഞ്ഞാലും ഇനി
അദ്ദേഹം അറിയില്ല. അദ്ദേഹം പുനര്‍ജന്മത്തിലാണോ ആത്മമോക്ഷത്തിലാണോ
വിശ്വസിച്ചിരുന്നതെന്നും അറിയില്ല. എന്തായാലും തനിക്കുകല്പിച്ചു കിട്ടിയ
ഹൃസ്വവേളയില്‍ തലമുറകള്‍ നിലനില്‍ക്കത്തക്ക നല്ല നല്ല ഓര്‍മ്മകള്‍
ബാക്കിയാക്കി പി.ജി. വിട വാങ്ങി.