
തൃശൂർ: 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസിലേക്ക് ഒമ്പത് കോടി രൂപ കള്ളപ്പണമെത്തിച്ചെന്ന ആരോപണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് രംഗത്ത്. കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മുൻ എൽഡിഎഫ് സർക്കാർ രൂപീകരിച്ച അന്വേഷണ സംഘം ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണത്തിന് തയ്യാറായില്ലെന്നും സതീഷ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്തേക്ക് 40 കോടി രൂപ കൊണ്ടുവന്നിട്ടുണ്ടെന്നും, അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം എത്തിച്ചതെന്നുമാണ് പണം കൊണ്ടുവന്നയാളുടെ മൊഴിയെന്ന് സതീഷ് ചൂണ്ടിക്കാട്ടി. കേസിലെ പ്രധാന സാക്ഷിയായ താൻ എല്ലാ വിവരങ്ങളും നേരത്തെ തന്നെ വെളിപ്പെടുത്തിയതാണെന്നും, മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കേസിലെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സതീഷ് ആവശ്യപ്പെട്ടു. അതേസമയം, താൻ നൽകിയ പരാതിയിൽ ഉചിതമായ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും തിരൂർ സതീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.