Image

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; പരിയാരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് ആരോപണം

Published on 12 November, 2026
രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; പരിയാരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് ആരോപണം

കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് നടത്തിയ ശസ്ത്രക്രിയയിൽ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ആദ്യ ശസ്ത്രക്രിയ അപൂർണമായി നടത്തിയതിനെത്തുടർന്ന് പത്ത് ദിവസത്തിനുള്ളിൽ കുഞ്ഞിനെ വീണ്ടും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നതായാണ് ആരോപണം.

​പാൽ കുടിക്കുമ്പോൾ തുടർച്ചയായി ഛർദ്ദിച്ചതിനെത്തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒക്ടോബർ 10-നാണ് കുഞ്ഞിനെ പരിയാരത്ത് പ്രവേശിപ്പിച്ചത്. ആമാശയത്തിലെ പൈലോറസ് പേശിയിലുള്ള തടിപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ, വീട്ടിലെത്തിയ കുഞ്ഞ് രക്തവും പാലും ഛർദ്ദിക്കുകയും നില ഗുരുതരമാവുകയും ചെയ്തതോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാമതും അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

​സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം ആരോഗ്യ മന്ത്രിക്കും പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പരിയാരം മെഡിക്കൽ കോളജ് അധികൃതർ പ്രത്യേക അന്വേഷണ ബോർഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക