
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് വിദേശ പിന്തുണ ലഭിക്കുന്നതുള്‍പ്പടെയുള്ളതിന്റെ തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും രാഹുല്‍ പറഞ്ഞു. വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ആകസ്‌മിക തത്സമയ സംവാദത്തിനിടെയാണ് രാഹുലിന്റെ ആരോപണം.
വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി നേര്‍ക്കുനേര്‍ സംവാദത്തിന് തയാറാണെന്ന വെല്ലുവിളിയും അദ്ദേഹം ആവര്‍ത്തിച്ചു. വേണമെങ്കില്‍ ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള മോഡറേറ്ററേയും കൂടെക്കൊണ്ടുവന്നോളൂവെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി താനുമായി നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിക്കുമെന്നും അത് അദ്ദേഹത്തിനും തനിക്കും അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമീപകാലത്തായി പ്രധാനമന്ത്രി തനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും വളരെ ജാഗ്രതയോടെ വിട്ടുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ മനസ്സിലെ ഭയം മൂലമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്നെ 'രാജ്യദ്രോഹി' എന്ന് പ്രധാനമന്ത്രി നിരന്തരം വിളിക്കുന്നു. രാജ്യത്തെ യഥാര്‍ഥ രാജ്യദ്രോഹി ആരാണെന്ന് ജനങ്ങള്‍ അറിയണം. ആര്, ആരെ, എന്നുമുതലാണ് നിയന്ത്രിക്കുന്നതെന്നും ജനങ്ങള്‍ അറിയണം. തന്റെ ഫോണില്‍ അതിനുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ ഫോണ്‍ ചോര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണമാണെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, രാഹുലിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവും സംവാദ വെല്ലുവിളിയും ബിജെപി തള്ളി. രാഹുല്‍ ഗാന്ധി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.