Image

രാജ്യത്തെ ആദ്യ എൽഇഡി ഡോം പ്ലാനറ്റോറിയം മൈസൂരുവിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

Published on 13 November, 2026
 രാജ്യത്തെ ആദ്യ എൽഇഡി ഡോം പ്ലാനറ്റോറിയം മൈസൂരുവിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

മൈസൂരുവിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച 'കോസ്മോസ്' പ്ലാനറ്റോറിയം യുവമനസ്സുകളെ പ്രപഞ്ച രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്യാനും ഇന്ത്യയുടെ വളരുന്ന ശാസ്ത്ര നേട്ടങ്ങൾക്ക് സംഭാവന നൽകാനും പ്രചോദനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ആദ്യത്തെ എൽഇഡി ഡോം പ്ലാനറ്റോറിയമായ കോസ്മോസ് രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന അദ്ദേഹം. ഈ സൗകര്യം ഇന്ത്യയുടെ ശാസ്ത്ര യാത്രയിൽ പുതിയൊരു അധ്യായം കൂട്ടിച്ചേർക്കുമെന്നും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ശാസ്ത്രീയ ജിജ്ഞാസ വളർത്താനും പുതിയ കണ്ടെത്തലുകൾ നടത്താനും അവസരങ്ങൾ നൽകുമെന്നും മോദി വ്യക്തമാക്കി.


മൈസൂരുവിൽ താൻ അടുത്തിടെ ഉദ്ഘാടനം ചെയ്ത വിവേക സ്മാരകവും കോസ്മോസ് പ്ലാനറ്റോറിയവും തമ്മിൽ സാമ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച മോദി, ഈ രണ്ട് സ്ഥാപനങ്ങളും ഇന്ത്യയുടെ ആത്മീയതയുടെയും ശാസ്ത്രത്തിന്റെയും പാരമ്പര്യത്തെക്കുറിച്ചുള്ള അഗാധമായ സന്ദേശമാണ് നൽകുന്നതെന്ന് പറഞ്ഞു. 

വിവേക സ്മാരകം ആളുകളെ ഉള്ളിലേക്ക് നോക്കാനും ആത്മീയ ജ്ഞാനം തേടാനും പ്രചോദിപ്പിക്കുമ്പോൾ, കോസ്മോസ് അവരെ ആകാശത്തേക്ക് നോക്കാനും വിശാലമായ പ്രപഞ്ചത്തെ മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കുന്നു. ആധുനിക ഉപകരണങ്ങളോ സാങ്കേതികവിദ്യയോ ഇല്ലാതെതന്നെ സുപ്രധാന കണ്ടെത്തലുകളും സങ്കീർണ്ണമായ കണക്കുകൂട്ടലുകളും നടത്തിയ ആര്യഭട്ട, വരാഹമിഹിരൻ, ഭാസ്കരാചാര്യ, നീലകണ്ഠ സോമയാജി തുടങ്ങിയ പ്രാചീന ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞരുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക