Image

കോഴഞ്ചേരി പാലത്തിന്റെ അവകാശവാദം; ഉത്തരവ് പുറത്തുവിട്ട് വീണാ ജോര്‍ജിനെ പരിഹസിച്ച് അബിന്‍ വര്‍ക്കി എംഎല്‍എ

Published on 14 November, 2026
കോഴഞ്ചേരി പാലത്തിന്റെ അവകാശവാദം; ഉത്തരവ് പുറത്തുവിട്ട് വീണാ ജോര്‍ജിനെ പരിഹസിച്ച് അബിന്‍ വര്‍ക്കി എംഎല്‍എ

കൊച്ചി: കോഴഞ്ചേരി പുതിയ പാലത്തിന്റെ നിര്‍മാണ അവകാശവാദത്തെച്ചൊല്ലി മുന്‍ മന്ത്രി വീണാ ജോര്‍ജും ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. പാലം നിര്‍മിക്കാന്‍ തീരുമാനമെടുത്തതും ആദ്യം ഫണ്ട് അനുവദിച്ചതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് സഹിതം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് അബിന്‍ വര്‍ക്കി മുന്‍ മന്ത്രിയെ പരിഹസിച്ചത്. 'സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തുമെന്നും' എന്ന തലക്കെട്ടോടെയാണ് അബിന്‍ വര്‍ക്കിയുടെ കുറിപ്പ്. ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോണ്‍ എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പരിഹസിച്ചു.

​പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ എംഎല്‍എ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് വീണാ ജോര്‍ജ് നേരത്തെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. 2016-ല്‍ താന്‍ ആറന്മുള എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, തന്റെ നിരന്തരമായ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചതാണ് പുതിയ പാലമെന്നാണ് വീണാ ജോര്‍ജിന്റെ വാദം.

​കിഫ്ബി വഴിയാണ് പദ്ധതിക്കായി പണം അനുവദിച്ചതെന്നും, അതിന് മുന്‍പ് അനുവദിച്ച പദ്ധതിയാണെന്ന് അവകാശപ്പെടുന്നവര്‍ സ്വയം പരിഹാസ്യരാകുകയാണെന്നും വീണാ ജോര്‍ജ് കുറിപ്പില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ രേഖകള്‍ പുറത്തുവിട്ട് അബിന്‍ വര്‍ക്കി എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക